പ്രാങ്ക് വീഡിയോ യൂട്യൂബിൽ; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ചെന്നൈ: ദ്വയാർത്ഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യൂട്യൂബിൽ പങ്കുവെച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞതോടെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീര ടോക്സ് ഡബിൾ എക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിന്റെ വീഡിയോ ജോക്കി ആർ ശ്വേത ( 23 ) എസ് യോഗരാജ് ( 21 ) എസ് രാം ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് മാസം മുൻപ് തിരുമംഗലത്തെ ഒരു മാളിൽ പോയപ്പോഴാണ് ഇവർ പെൺകുട്ടിയോട് ചോദ്യം ചോദിച്ചത്.

ദ്വയാർത്ഥം കലർന്ന ചോദ്യം ചോദിച്ചതോടെ വിദ്യാർത്ഥിനി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതൊരു പ്രാങ്കാണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറാമാനും വിശ്വസിപ്പിച്ചതോടെയാണ് യുവതി പ്രതികരിച്ചത്.
പക്ഷേ യൂട്യൂബ് ചാനൽ കുറച്ച് നാൾ മുൻപ് വീഡിയോ പുറത്തുവിട്ട വിവരം സുഹൃത്തുക്കൾ പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടി അറിഞ്ഞത്. അതിന് താഴെ പെൺകുട്ടയെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വരാൻ തുടങ്ങി.
യൂട്യൂബിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും ഈ സംഘം വീഡിയോ പങ്കുവെച്ചു. ഈ വീഡിയോയ്ക്ക് താഴെയും മോശം കമന്റുകൾ വന്നിരുന്നു. ഇതോടെ ഈ പെൺകുട്ടി വിഷാദത്തിലായിരുന്നു. പിന്നാലെയാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി ബന്ധുക്കൾക്കൊപ്പമാണ് താമസം.












Click it and Unblock the Notifications