ബിജെപി നേതാവ് ചത്ത പശുക്കളെ അറവുകാരന് വിറ്റു, തോലും എല്ലുകളും വിറ്റു
ഛത്തീസ്ഗഡിലെ ബിജെപി നേതാവ് ഹരീഷ് വര്‍മയെയാണ് നേരത്തെ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് അറസ്റ്റിലായത്
റായ്പൂര്‍: പശുക്കളെ വേണ്ടത്ര പരിപാലിക്കാത്തതിനെ തുടര്‍ന്ന് മുന്നൂറോളം പശുക്കള്‍ ചത്ത കുറ്റത്തിന് അറസ്റ്റിലായ ബിജെപി നേതാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ചത്ത പശുക്കളെ ഇയാള്‍ അറവുകാരന് വിറ്റെന്നും കൂടാതെ തോലും എല്ലുകളും വിറ്റെന്നുമാണ് ആരോപണം. ആരോപണം സത്യമാണെന്ന് പോലീസ് അന്വേഷണത്തിലും വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ ബിജെപി നേതാവ് ഹരീഷ് വര്‍മയെയാണ് നേരത്തെ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് അറസ്റ്റിലായത്. ഇയാള്‍ക്ക് മൂന്ന് പശു സംരക്ഷണ കേന്ദ്രമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഗോ സേവാ ആയോഗിന്റെ ഫണ്ട് വാങ്ങിയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പശുക്കള്‍ ഭക്ഷണവും മരുന്നും കിട്ടാതെ കൂട്ടത്തോടെ ചത്തുപോവുകയായിരുന്നു.

രണ്ട് ജില്ലകളിലായി ഇയാള്‍ക്ക് മൂന്ന് ഗോശാലകളുള്ളത്. ഇവയില്‍ ഒരെണ്ണം ഇയാളുടെ ഭാര്യയും മറ്റൊന്ന് ബന്ധുവുമാണ് നടത്തിവന്നിരുന്നത്. എന്നാല്‍, മൂന്ന് ഗോശാലകളില്‍ ആവശ്യത്തിന് സൗകര്യങ്ങളുണ്ടായിരുന്നില്ല. ഉള്‍കൊള്ളാവുന്നതിലും മൂന്നിരട്ടിയോളം പശുക്കളെയാണ് ഇയാള്‍ ഷെല്‍ട്ടറില്‍ വളര്‍ത്തിയിരുന്നത്.
വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാലാണ് പശുക്കള്‍ ചത്തതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഹരീഷ് വര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യമെമ്പാടും പശുക്കളുടെ പേരില്‍ ബിജെപി അക്രമം നടത്തുന്നതിനിടെയാണ് ബിജെപി നേതാവ് പശുക്കള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ അറസ്റ്റിലാകുന്നത്.












Click it and Unblock the Notifications