മതംമാറിയവര്‍ തിരിച്ചുമാറി, പള്ളി മാറി അമ്പലമായി!
അലിഗഡ്: അഭിപ്രായ വ്യത്യാസം ഏറെ ഉണ്ടാകാമെങ്കിലും മതംമാറുക എന്നത് ഇന്ത്യയില്‍ നിയമപരമായി വിലക്കുള്ള ഒന്നല്ല. ഇഷ്ടം പോലെ മതംമാറല്‍ ചുറ്റും നടക്കുന്നുണ്ട് താനും. എന്നാല്‍ മതംമാറുന്ന ആളുകള്‍ കൂടെ ആരാധനാലയത്തെയും മതം മാറ്റി കൂടെ കൊണ്ടുപോകുക എന്നത് പതിവുള്ള കാര്യമല്ല. അലിഗഡിലെ അസ്‌റോയ്ക്ക് സമീപത്താണ് രസകരമായ ഈ മതംമാറല്‍ നടന്നത്.
ക്രിസ്തുമതത്തില്‍ നിന്നും 72 പേരാണ് ഇവിടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. 1995 ല്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മാറിയവരാണത്രെ ഇവര്‍. ജാതിവ്യവസ്ഥയിലെ അസംതൃപ്തി കാരണമാണ് ഇവര്‍ ഹിന്ദുമതം വിട്ട് ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. എന്നാല്‍ ക്രിസ്തുമതത്തില്‍ നിന്നും ഇവര്‍ക്ക് പ്രതീക്ഷിച്ച പരിഗണനയൊന്നും കിട്ടിയില്ലത്രെ.

ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് മതത്തില്‍ നിന്നും ഒരു പരിഗണനയും കിട്ടിയില്ല എന്നാരോപിച്ചാണ് ഇവര്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് വന്നത്. മതംമാറിയവര്‍ക്കായി ഒരു പള്ളിയായിരുന്നത്രെ കിട്ടിയത്. എന്തായാലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോരുമ്പോള്‍ പളളിയെ ശുദ്ധി ചെയ്ത് അമ്പലമാക്കിയാണ് ഇവര്‍ കൂടെ കൂട്ടിയത്. പള്ളിയിലുണ്ടായിരുന്ന കുരിശ് എടുത്തുമാറ്റി അവിടെ ശിവന്റെ ചിത്രം വെച്ചിട്ടുണ്ട്.
മതംമാറിയതിന് ദേവിയുടെ ശാപം കിട്ടിയിട്ടുണ്ടാകും എന്ന് പേടിച്ചാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നത് എന്ന് 72 പേരില്‍ ഒരാളായ 70 കാരന്‍ രാജേന്ദ്ര സിംഗ് പറഞ്ഞു. എന്നാല്‍ വാര്‍ത്ത പരന്നതോടെ പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പള്ളിയില്‍ ശുദ്ധീകരണ പരിപാടികള്‍ നടത്തിയത് ശരിയായില്ല എന്നാണ് പാസ്റ്റര്‍മാരുടെ അഭിപ്രായം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications