ഓപിഎസ്സിനും പളനിസ്വാമിക്കും മുഖ്യമന്ത്രിക്കസേര വേണം..!! തമിഴ്‌നാട്ടില്‍ ഒന്നും ശരിയാവുന്നില്ല..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്നും ശശികലയും ടിടിവി ദിനകരനും അടക്കമുളള മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയെങ്കിലും കാര്യങ്ങള്‍ അത്ര പെട്ടെന്നൊന്നും ശരിയാവുന്ന ലക്ഷണമില്ല. ശശികല വിഭാഗത്തെ പുറത്താക്കിയ ശേഷം പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നത് പനീര്‍ശെല്‍വം തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രിക്കസേര ആര്‍ക്കെന്ന ചോദ്യമാണ്.

മുഖ്യമന്ത്രിക്കസേര വേണം

പനീര്‍ശെല്‍വവും നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പലവട്ടം നടന്നുകഴിഞ്ഞു. എന്നാല്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പൊതു ഫോര്‍മുല ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപിഎസ്സിന്റെ കണ്ണുകള്‍ മുഖ്യമന്ത്രിക്കസേരയിലാണെന്നുറപ്പാണ്.

കരുത്തനായ ഓപിഎസ്

മന്നാര്‍ഗുഡി മാഫിയ പുറത്ത് പോയതോടെ പനീര്‍ശെല്‍വം കൂടുതല്‍ കരുത്താനായിരിക്കുകയാണ്. അതുകൊണ്ടുതന്നെ എടപ്പാടി പളനിസ്വാമിയുടെ കീഴിലേക്ക് പനീര്‍ശെല്‍വം മടങ്ങിവരാന്‍ തയ്യാറാവില്ല. അതിനും മുകളില്‍ എന്നതേ പനീര്‍ശെല്‍വത്തിന് ലക്ഷ്യമുള്ളൂ.

സമ്മതിക്കാതെ തിരിച്ചുവരവില്ല

പനീര്‍ശെല്‍വം മുഖ്യമന്ത്രി പദവിയേറ്റെടുക്കുക. പകരം എടപ്പാടിയെ ഉപമുഖ്യമന്ത്രിയാക്കുക എന്നതാണ് ഓപിഎസ് വിഭാഗം മുന്നോട്ട് വെയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല. ഇത് സമ്മതിക്കാതെയൊരു തിരിച്ചുവരവ് അസാധ്യമാകും.

മറുപക്ഷത്തിന്റെ ഫോർമുല

അതേസമയം പളനിസ്വാമി മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് പനീര്‍ശെല്‍വത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുക എന്നതാണ് മറുപക്ഷം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. മാത്രമല്ല ഓപിഎസ്സിന്റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നും ഓഫറുണ്ട്.

അന്തിമ തീരുമാനമായില്ല

ഇത് ഓപിഎസ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

പിന്നിൽ നിന്ന് കുത്തി പളനിസ്വാമി

അഴിമതിക്കേസില്‍പ്പെട്ട ശശികലയുടെ വിശ്വസ്തനും അനന്തിരവനുമായ ടിടിവി ദിനകരന്‍ സ്വയം മാറിനില്‍ക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നീക്കം. സ്വന്തം കാല്‍ക്കീഴിലെ മണ്ണുകൂടി ഒലിച്ചുപോകുമെന്നായപ്പോള്‍ മന്നാര്‍ഗുഡി മാഫിയയ്ക്ക് വിശ്വസ്തനായ പളനിസ്വാമി തന്നെ പണികൊടുത്തു.

ഓപിഎസ്സ് പകരം വീട്ടുന്നു

തന്റെ കൂടെ എംഎല്‍എമാരുണ്ടെന്നും കരുത്ത് തെളിയിക്കുമെന്നും വെല്ലുവിളിച്ച ദിനകരന്‍ പിന്നീടാ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതീക്ഷിച്ച പിന്തുണ ദിനകരന് ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിശ്വസ്തരായ മന്ത്രിമാര്‍ പോലും ദിനകരന്റെ കൂടെ നിന്നില്ല. ചുരുക്കത്തില്‍ ഒരിടവേളയ്ക്കു ശേഷം എഐഎഡിഎംകെയില്‍ പനീര്‍ശെല്‍വം വീണ്ടും ശക്തികേന്ദ്രമാവുകയാണ്.

English summary
Clash in AIADMK over chief minister post of Tamil Nadu
Please Wait while comments are loading...