സംഘർഷം അയയാതെ മണിപ്പൂർ; 20 വയസുകാരൻ കൊല്ലപ്പെട്ടു.. ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി
ഡൽഹി; മണിപ്പൂരിൽ സംഘർഷണം തുടരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി വീണ്ടും നീട്ടി. ഇംഫാൽ ഈസ്റ്റ് ,വെസ്റ്റ് പ്രദേശങ്ങൾ അടക്കം 7 ജില്ലകളിലാണ് നിരോധനം ഉള്ളത്. സംഘർഷങ്ങളെ തുടർന്ന് 16 നായിരുന്നു ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
ഇന്നും മെയ്തി വിഭാഗത്തിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് മണിപ്പൂരിൽ അരങ്ങേറിയത്. തെരുവിലിറങ്ങിയ പ്രതിഷേധകർ സർക്കാർ ഓഫീസുകൾക്ക് പൂട്ടിട്ടു.ചീഫ് ഇലക്ടർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളാണ് പൂട്ടിയത്. മെയ്തേയ് സമുദായത്തിൻ്റെ പരമോന്നത സംഘടനയായ മണിപ്പൂർ ഇൻ്റഗ്രിറ്റി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ ലോക്ക്ഡൗൺ പോസ്റ്ററുകളും പതിച്ചു.

അതേസമയം പ്രതിഷേധത്തിനിടെ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടു. ജിരിബാമിലെ ബാബുപ്പാറ മേഖലയിലാണ് സംഭവം. കെ അതൗബ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മണിപ്പൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. വിദ്യാർത്ഥികൾ ഗവർണർ ലക്ഷ്മൺ ആചാര്യയുടേയും മുഖ്യമന്ത്രിയുടേയും കോലം കത്തിച്ചു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ യോഗം ചേർന്നിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാൻ സേനയ്ക്ക് അമിത് ഷാ നിർദ്ദേശം നൽകി. മണിപ്പൂരിലേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കാനും തീരുമാനമായി. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെ മണിപ്പൂരിലേക്ക് അയക്കും. സിആർപിഎഫിൽ നിന്നുള്ള 35 യൂണിറ്റും ബിഎസ്എഫിൽ നിന്നുള്ള 15 യൂണിറ്റിനേയും മണിപ്പൂരിലേക്ക് അയക്കും.
കുക്കി സംഘടനകളുടെ നേതൃത്വത്തിൽ ശവപ്പെട്ടി മാർച്ച് നടത്തും
സിആർപിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി കുക്കി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ചുരാചന്ദ്പൂരിൽ 'ശവപ്പെട്ടി റാലി നടത്തും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 10 കുക്കി യുവാക്കളാണ് കൊലപ്പെട്ടത്. 10ാം ക്ലാസിനും മുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കുന്നതിനായി കറുപ്പ് വസ്ത്രം ധരിച്ച് എത്തണമെന്ന് സംഘടന അറിയിച്ചു.
ആസാമിലെ സിൽച്ചാർ ആശുപത്രിയിൽ നടന്ന പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ചുരാചന്ദ്പൂരിലേക്ക് എത്തിച്ചത്. യുവാക്കളുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിക്കുന്നത് വരെ യുവാക്കളുടെ ശവസംസ്‌കാര നടപടികൾ നടത്തില്ലെന്ന് കുക്കി സമുദായ സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം അറിയിച്ചിരുന്നു.












Click it and Unblock the Notifications