22 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്; എസ്പി കലിപ്പില്‍, യുപിയിലും ഇന്ത്യ സഖ്യം ഉണ്ടായേക്കില്ല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യം സംബന്ധിച്ച തര്‍ക്കം വഷളാവുന്നു. കോണ്‍ഗ്രസിന്റെ കടുംപിടുത്തമാണ് പ്രശ്‌നം വഷളാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് 20 മുതല്‍ 22 സീറ്റുകള്‍ വരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറായിട്ടില്ല. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള പാര്‍ട്ടിക്ക് ഇത്രയും സീറ്റുകള്‍ നല്‍കുന്നതിനോടാണ് എസ്പി നേതൃത്വത്തിന് എതിര്‍പ്പുള്ളത്.
ഇതുവരെ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള ചര്‍ച്ച കഴിഞ്ഞ ദിവസം അര്‍ധ രാത്രി വരെ നീണ്ടിരുന്നു. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.

സമാജ് വാദി പാര്‍ട്ടി ഇതിനോടകം 27 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മെയിന്‍പുരിയില്‍ നിന്ന് സിറ്റിംഗ് എംപിയായ ഡിംപിള്‍ യാദവിനെ മത്സരിപ്പിച്ചിട്ടുണ്ട്. ഷഫീഖുര്‍ റഹ്‌മാന്‍ സമ്പലില്‍ നിന്ന് മത്സരിക്കും. അതേസമയം സമാജ് വാദി പാര്‍ട്ടി 17 സീറ്റ് വരെ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറാണ്.
സീറ്റുകള്‍ ഏതൊക്കെയാണെന്ന് കാണിച്ച് എസ്പി ഒരു പട്ടിക തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ മാറ്റം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് വഴങ്ങാന്‍ എസ്പി നേതൃത്വം തയ്യാറല്ല. മൊറാദാബാദ്, സഹാറണ്‍പൂര്‍, ബിജ്‌നോര്‍, മീററ്റ്, ആംറോഹ, ലഖ്‌നൗ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
അതേസമയം കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍ ഒരിക്കലും നല്‍കില്ലെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. കോണ്‍ഗ്രസിന് യാതൊരു ജയസാധ്യതയുമില്ലാത്ത മണ്ഡലമാണിതെന്നാണ് എസ്പിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഇടയ്ക്കിടെ പട്ടിക മാറ്റി കൊണ്ടിരിക്കുന്നതാണ് എസ്പിക്ക് പ്രധാന പ്രശ്‌നം.
എസ്പി തന്നെ പതിനേഴ് സീറ്റില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ അഞ്ചോ ആറോ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ മറ്റൊരു ആവശ്യം. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വിജയസാധ്യത കുറയുമെന്നാണ് സഖ്യത്തിലെ പൊതുവികാരം. ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യ സഖ്യമുള്ളത്. വൈകാതെ തന്നെ എസ്പി ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത.
അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സഖ്യം ഉറപ്പായും നിലവില്‍ വരുമെന്നാണ് പറയുന്നത്. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. എപ്പോള്‍ വേണമെങ്കിലും സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു ടീമിനെ ഇതിനായി നിയമിച്ചിട്ടുണ്ട്.
ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. എസ്പി എവിടെയെല്ലാം മത്സരിക്കുമെന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചുവെന്ന് ഡിംപിള്‍ യാദവ് പറഞ്ഞു. ബിജെപിയെ ഏറ്റവും കരുത്തോടെ തന്നെ എസ്പി നേരിടും. സഖ്യത്തിന്റെ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഡിംപിള്‍ യാദവ് പറഞ്ഞു.












Click it and Unblock the Notifications