മണിപ്പൂര്‍ പിടിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് പിടിക്കാം, കോണ്‍ഗ്രസ് സാധ്യതകള്‍ ഇങ്ങനെ, പ്രതീക്ഷ രാഹുലില്‍
ഗുവാഹത്തി: മണിപ്പൂരില്‍ ബിജെപിക്കുള്ളില്‍ വലിയ പോര് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതീക്ഷ വെച്ച് കോണ്‍ഗ്രസ് പ്രചാരണം ശക്തമായിരിക്കുകയാണ്. മണിപ്പൂര്‍ തിരിച്ച് പിടിച്ചാല്‍ വലിയ സാധ്യതകള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. ജയിച്ചാല്‍ നോര്‍ത്ത് ഈസ്റ്റിലുണ്ടായിരുന്ന ആധിപത്യം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന് ഊര്‍ജം പകരും. ബിജെപിയിലെ പ്രമുഖരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വരെ കോണ്‍ഗ്രസില്‍ നിന്ന് പോയതാണ്. ഇതിനര്‍ത്ഥം ബിജെപിക്ക് മണ്ഡലത്തില്‍ അടിത്തറയുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് അവര്‍ സ്വന്തം ക്യാമ്പ് ശക്തമാക്കി. ഇവരെല്ലാം വിജയസാധ്യതയുള്ളവരാണ്. ഇത്തവണ പക്ഷേ ബിജെപിക്കുള്ളിലെ കോണ്‍ഗ്രസ്-ബിജെപി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് പ്രതിപക്ഷത്തിന് പ്രതീക്ഷയാണ്.

ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് മണിപ്പൂരില്‍ വളര്‍ന്ന് വലുതായത്. നോര്‍ത്ത് ഈസ്റ്റില്‍ പൂര്‍ണമായും കോണ്‍ഗ്രസ് ഇല്ലാതായത് ഇതിനിടയിലാണ്. ഇത്തവണ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം മണിപ്പൂരില്‍ ഇല്ല. എന്നാല്‍ പ്രാദേശിക നേതാക്കളില്‍ ചിലര്‍ക്ക് സ്വാധീനമുണ്ട്. ഇത്തവണ രാഹുല്‍ ഗാന്ധിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ മുഴുവന്‍. പ്രചാരണത്തെ അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിനായി രാഹുല്‍ ഇംഫാലില്‍ എത്തിയത്. കോണ്‍ഗ്രസ് ഇത്തവണ 60 സീറ്റിലും മത്സരിക്കുന്നില്ല. അതിനായി മഹാസഖ്യം രൂപീകരിച്ചിട്ടുണ്ട്. ചെറുപാര്‍ട്ടികളെല്ലാം പ്രതിപക്ഷത്ത് ഉള്ളതിനാല്‍ ബിജെപിക്ക് ആശങ്ക ഏറെയാണ്.
സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്, ജനതാദള്‍ സെക്കുലര്‍ എന്നിവര്‍ കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിലുണ്ട്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരില്‍ വോട്ടിംഗ്. ഫെബ്രുവരി 28നാണ് ആദ്യ ഘട്ട പോളിംഗ്. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. 2017ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. 28 സീറ്റ് പാര്‍ട്ടി നേടിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോയി. ബിജെപിക്ക് കിട്ടിയത് 21 സീറ്റായിരുന്നു. എന്നാല്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ അവര്‍ സര്‍ക്കാരുണ്ടാക്കി. നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവരുടെ പിന്തുണയിലായിരുന്നു സര്‍ക്കാര്‍ ഉണ്ടാക്കിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂറുമാറി ബിജെപിയില്‍ എത്തിയത്. മണിപ്പൂരില്‍ ഇത്തവണ 31 സീറ്റ് നേടിയാല്‍ അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ തിരിച്ചുവരാന്‍ സഹായിക്കും. 2024ല്‍ കോണ്‍ഗ്രസിന് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സീറ്റ് നിര്‍ണായകവുമാണ്. 2015ല്‍ എട്ട് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്നു. ബിജെപിയും അവരുടെ സഖ്യകക്ഷിയോടും ഈ സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം മാത്രമാണ് അവര്‍. ഇബോബി സിംഗിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് പുതിയ നേതാക്കളെ മണിപ്പൂരില്‍ പരീക്ഷിക്കാന്‍ നില്‍ക്കുകയാണ്.












Click it and Unblock the Notifications