ത്രിപുരയില്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം; പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു, നിരോധനാജ്ഞ
അഗര്‍ത്തല: ത്രിപുരയില്‍ ബി ജെ പി- കോണ്‍ഗ്രസ് സംഘര്‍ഷം. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ അസംബ്ലി മണ്ഡലമായ ബനമാലിപൂരിലാണ് സംഘര്‍ഷം. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയുടെ ചില ഭാഗങ്ങള്‍ സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ച് കനത്ത സുരക്ഷാ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 10.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അടുത്തിടെ കോണ്‍ഗ്രസിലേക്ക് മാറിയ ബിപ്ലബ് ദേബ് മന്ത്രിസഭയിലെ മുന്‍ മന്ത്രി സുദീപ് റോയ് ബര്‍മാനെ സ്വാഗതം ചെയ്യാന്‍ നഗരത്തിലെ കമര്‍ പുക്കൂര്‍ പര്‍ ഏരിയയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിക്കിടെ ഇരു പാര്‍ട്ടികളുടെയും അനുയായികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ബര്‍മന് പരിക്കേറ്റതായി പറയപ്പെടുന്നു
സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയമായിരുന്നെന്ന് സുദീപ് റോയ് ബര്‍മാന്‍ പറഞ്ഞു ''അവര്‍ക്ക് (പൊലീസ്) ഈ യൂണിഫോം ധരിക്കാന്‍ അവകാശമില്ല. പകരം വളകളും ആഭരണങ്ങളും ധരിക്കണം എന്നായിരുന്നു ബര്‍മന്‍ഖെ പ്രതികരണം. ത്രിപുരയില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ പരിപാടികള്‍ നടത്താന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്രമണം സൂചിപ്പിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിരജിത് സിന്‍ഹ പറഞ്ഞത്.

പിന്നീട് പ്രാദേശിക ബി ജെ പി ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ മണ്ഡലം ഓഫീസ് ആക്രമിക്കപ്പെട്ടു, ഞങ്ങളുടെ അനുയായികളില്‍ പലരും ആക്രമണത്തിന് ഇരയായി. ഞങ്ങളില്‍ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല, കാരണം പലരെയും ഇപ്പോഴും ആശുപത്രികളിലേക്ക് കൊണ്ടുപോകുകയാണ്, ബി ജെ പി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസ് അണികള്‍ക്കുള്ളിലെ വിഭാഗീയതയാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നും അത് പിന്നീട് ബി ജെ പിയുടെ മേല്‍ വെക്കുകയാണെന്നും ഭട്ടാചാര്യ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലികള്‍ സംഘടിപ്പിച്ചു.

അതേസമയം ഇരുഭാഗത്ത് നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷം എങ്ങനെയുണ്ടായെന്നും അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നില്‍ ഉത്തരവാദികളെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും. ഞങ്ങള്‍ക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തങ്ങള്‍ രാത്രി മുഴുവന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അഗര്‍ത്തലയിലെ ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയും സമാധാന ലംഘനവും കണക്കിലെടുത്ത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് സദര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ബിനോയ് ഭൂഷണ്‍ ദാദ് പറഞ്ഞു. കേണല്‍ ചൗമുഹാന്ത്, പോസ്റ്റ് ഓഫീസ് ചൗമുഹാനി, ചന്ദ്രപൂര്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനസ് എന്നിവയുള്‍പ്പെടെ അക്രമത്തിന് സാക്ഷ്യം വഹിച്ച പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്.

രാത്രിയില്‍ കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നും ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ ഞായറാഴ്ച പുലര്‍ച്ചയോടെ അവസാനിച്ചെങ്കിലും പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് സി പി ഐ എം പ്രവര്‍ത്തകനും ത്രിപുരയില്‍ കൊല്ലപ്പെട്ടിരുന്നു. ത്രിപുരയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 24 ഓളം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും കൊല്ലപ്പെട്ടതായി മുന്‍ മുഖ്യമന്ത്രിയും സി പി ഐം എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications