എന്‍പിആറിന് മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി കോണ്‍ഗ്രസ്
ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്ററിന് മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍ രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാനായാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം. ജയ്പൂരില്‍ നടന്ന യുവ ജന്‍ ആക്രോഷ് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഡിഗ്രികളുണ്ട്, ജോലികളില്ല, എന്റെ ജോലി എവിടെ? എന്ന വാക്കുകള്‍ അടങ്ങിയ പ്രതിഷേധ ബാനര്‍ പരിപാടിയില്‍ രാഹുല്‍ അനാച്ഛാദനം ചെയ്തു. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണത്തില്‍ യഥാര്‍ത്ഥ കണക്ക് ഉണ്ടാക്കാനാണ് രജിസ്റ്റര്‍ വഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. റാലിയില്‍ പങ്കെടുത്ത ആളുകളോട് ടോള്‍ ഫ്രീ നമ്പറായ 8151994411 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ അടിക്കാനും സ്വയം തൊഴില്‍രഹിതരായി രജിസ്റ്റര്‍ ചെയ്യാനും രാഹുല്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും കോണ്‍ഗ്രസിന്റെ ബദലായാണ് ഈ പദ്ധതിയെ കണക്കാക്കുന്നത്. തൊഴിലില്ലാത്ത യുവാക്കളുടെ ദേശീയ രജിസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തൊഴിലില്ലാത്ത ഓരോ യുവാക്കളും അതില്‍ സ്വയം രജിസ്റ്റര്‍ ചെയ്യണം. ഇതുവഴി ജനങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് ലക്ഷത്തിലധികം യുവാക്കളാണ് തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 58,000ലധികം പേര്‍ രാജസ്ഥാനില്‍ നിന്നുമാണ്. അതായത് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ളത് രാജസ്ഥാനിലാണ്.
വരും ദിവസങ്ങളില്‍ പലരും തൊഴിലില്ലായ്മ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യും. മൂന്ന് മാസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഈ രജിസ്റ്റര്‍ പ്രധാനമന്ത്രിക്ക് അയക്കുമെന്ന് സംസ്ഥാന കായിക, യുവജനകാര്യ മന്ത്രി അശോക് ചന്ദ്ന പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മയ്ക്കിടയിലും സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ വഴി രാജ്യത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ തൊഴില്‍ വാഗ്ദാനം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിജെപി വക്താവ് മുകേഷ് പരീക്ക് പറഞ്ഞു. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ വീണു പോയ യുവാക്കള്‍ ഇപ്പോള്‍ അവഗണിക്കപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications