ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം? ആദ്യം വോട്ടെണ്ണല്‍ കഴിയട്ടെയെന്ന് സന്ദീപ് ദീക്ഷിത്
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറുകയും ബിജെപി ബഹുദൂരം മുന്നിലെത്തുന്ന കാഴ്ച്ചയ്ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തുടക്കത്തിലെ ഇരുപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചെങ്കിലും ഏറ്റവും പുതിയ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടി പിന്നിലേക്കു പോകുകയാണ്. കോണ്‍ഗ്രസ് ഒരു സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്.
ഇതിനിടെ, തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരമൊരു സഖ്യത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിത് പറഞ്ഞു. ആദ്യം വോട്ടെണ്ണല്‍ കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം.

അരവിന്ദ് കെജിരിവാളിനെ നേരിടുന്നത് കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതും ബി.ജെ.പിയുടെ പര്‍വീഷ് വര്‍മയുമാണ്. ബി.ജെ.പി ലീഡ് തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. അതിനു പിന്നാലെയായിരുന്നു സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. കേജ്രിവാള്‍ ഉള്‍പ്പെടെ എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. നാലാം തവണയാണ് ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് കെജ്രിവാള്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications