പൈലറ്റും സിദ്ദുവും വീരപ്പ മൊയ്‌ലിയും, കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ചലഞ്ചുകള്‍, രാഹുല്‍ ശൈലി മാറ്റും?
ദില്ലി: കോണ്‍ഗ്രസ് ഒന്ന് ശക്തമാകാന്‍ തയ്യാറെടുക്കുന്ന വേളയില്‍ വന്‍ വെല്ലുവിളി പാര്‍ട്ടി നേരിടുന്നു. പാര്‍ട്ടിക്കുള്ളില്‍ വമ്പന്‍ നേതാക്കള്‍ കലഹം ആരംഭിച്ചിരിക്കുകയാണ്. രണ്ടിടത്ത് കോണ്‍ഗ്രസിനെ അട്ടിറിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ ഒരുങ്ങുന്ന സംസ്ഥാനവും ഇക്കൂട്ടത്തിലുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനും അദ്ദേഹം വിശ്വാസമര്‍പ്പിച്ചവരിലുമാണ് ഈ പ്രതിസന്ധി വലിയ തിരിച്ചടിയേല്‍പ്പിക്കുക.

രാജസ്ഥാനില്‍ നാടകീയം
രാജസ്ഥാനില്‍ വലിയ ട്വിസ്റ്റാണ് അരങ്ങേറുന്നത്. സച്ചിന്‍ പൈലറ്റ് ശരിക്കും ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പൈലറ്റ് ക്യാമ്പിലെ എംഎല്‍എ ഹേമാറാം ചൗധരി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് അശോക് ഗെലോട്ടിനെ ഞെട്ടിച്ചതിന് പിന്നാലെ സച്ചിന്‍ ക്യാമ്പിലെ തന്നെ വേദപ്രകാശ് സോളങ്കി പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഗെലോട്ടില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അധികാര രീതി വേണ്ടെന്നും, പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും സോളങ്കി ആവശ്യപ്പെട്ടു.

ഗെലോട്ട് സേഫല്ല
രാഹുല്‍, രാജസ്ഥാനിലേക്ക് അജയ് മാക്കനെ അയച്ചെങ്കിലും കാര്യങ്ങള്‍ ഒന്നും ശരിയായിട്ടില്ല. സച്ചിന്‍ പതിയെ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഗെലോട്ട് സച്ചിന്‍ ക്യാമ്പിനെ മാറ്റി നിര്‍ത്തി ബാക്കിയെല്ലാ നിയമനങ്ങളും നടത്തുന്നുണ്ട്. മദന്‍ പ്രജാപത്, മുകേഷ് ബക്കര്‍, മുരാരി ലാല്‍ മീണ എന്നിവരാണ് രാജിക്കൊരുങ്ങി നില്‍ക്കുന്നത്. ഒപ്പം വേദപ്രകാശ് സോളങ്കിയും രാജിവെച്ചേക്കും. ഗെലോട്ടിന് രാഹുലിന്റെയും സോണിയയുടെയും പിന്തുണയുണ്ട്. എന്നാല്‍ ഈ സമയം നേതാക്കള്‍ രാജിവെക്കുന്നത് ഗെലോട്ടിന്റെ സര്‍ക്കാരിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

രാഹുല്‍ വാക്ക് പാലിച്ചില്ല
ഗെലോട്ടിനെതിരെ നേരത്തെയുണ്ടായ വിമത നീക്കം രാഹുല്‍ പരിഹരിച്ചിരുന്നു. ആ സമയത്ത് എല്ലാ പ്രശ്‌നങ്ങളും പഠിച്ച് പരിഹരിക്കാമെന്നായിരുന്നു രാഹുലിന്റെ ഉറപ്പ്. സച്ചിന്‍ ആവശ്യപ്പെട്ടത് തനിക്കൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനവും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പദവികളുമാണ്. അതൊന്നും രാഹുല്‍ നടപ്പാക്കിയില്ല. അതോടൊപ്പം പൈലറ്റിന്റെ ചില കണക്കുക്കൂട്ടലുകളും തെറ്റി. ഉപതിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് നേടി. ഒന്ന് നേരിയ വോട്ടിനാണ് ബിജെപി നേടിയത്. ഗെലോട്ട് ഇപ്പോഴും പോപ്പുലറാണെന്ന തോന്നല്‍ ഹൈക്കമാന്‍ഡിനുണ്ട്. അത് സച്ചിന് വലിയ തിരിച്ചടിയാണ്.

രാജസ്ഥാന്‍ എളുപ്പമല്ല
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അവസാന നിമിഷം ഭരണം നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. പ്രധാന കാരണം കുറച്ച് മന്ത്രിമാരുടെ പ്രകടനം പോര എന്നതാണ്. കുറച്ച് പേര്‍ക്ക് അഴിമതി പ്രതിച്ഛായയുണ്ട്. ഇവരെ മാറ്റി സച്ചിനെ പിന്തുണയ്ക്കുകയാണ് ഗെലോട്ടിനുള്ള ഏക വഴി. എന്തായാലും അവസാന ഘട്ടത്തില്‍ മാറ്റം വരും. പക്ഷേ അത് സച്ചിന്‍ ഗ്രൂപ്പുകാരെ കൊണ്ടുവരാനാവുമോ എന്ന് ഉറപ്പല്ല. രാഹുലാണെങ്കില്‍ ഗെലോട്ടിന്റെ ഇഷ്ടത്തിന് കാര്യങ്ങള്‍ വിട്ടിരിക്കുകയാണ്. അവിടെ ഹൈക്കമാന്‍ഡിന് പിഴയ്ക്കുകയും ചെയ്തു.

സിദ്ദു വില്ലന്‍
സിദ്ദു അടുത്ത മുഖ്യമന്ത്രിയാവാനുള്ള ഒരുക്കത്തിലാണ്. അതിനാണ് അമരീന്ദറിനെ വെട്ടാന്‍ ഒരുങ്ങി നില്‍ക്കുന്നത്. നേതാക്കളെ ദില്ലിയിലേക്ക് പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇളക്കി വിടുകയാണ് സിദ്ദു. അമരീന്ദറിനുള്ള തലവേദനയാണ് ഇത്. പരസ്യമായി തന്നെ അമരീന്ദറിനെതിരെ സിദ്ദു പലതവണ രംഗത്തെത്തി. സിദ്ദു പ്രചാരണം നടത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ സീറ്റുകളെയും ബാധിക്കും. നിലവില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം പഞ്ചാബിലില്ല. പക്ഷേ സിദ്ദുവിന്റെ വെല്ലുവിളി ശിരോമണി അകാലിദളിനെ സഹായിക്കുമെന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്.

വീരപ്പ മൊയ്‌ലിയും കലിപ്പില്‍
വീരപ്പ മൊയ്‌ലിയാണ് അടുത്ത ഭീഷണിയായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് ബംഗാളില്‍ തെറ്റായ സഖ്യത്തെ തിരഞ്ഞെടുത്തത് കൊണ്ടാണ് തോല്‍വി ഏറ്റുവാങ്ങിയതെന്ന് വീരപ്പ മൊയ്‌ലി തുറന്നടിച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായിട്ടായിരുന്നു കോണ്‍ഗ്രസിന് സഖ്യം വേണ്ടിയിരുന്നത്. അടിത്തട്ടിലെ പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത ദുര്‍ബലനായ നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരിയെന്നും മൊയ്‌ലി കുറ്റപ്പെടുത്തി. മമതയ്‌ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്ന അവരെ വിമര്‍ശിക്കുന്ന നേതാവായിട്ടാണ് അധീര്‍ അറിയപ്പെടുന്നത്. അത് ജനങ്ങളോ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരോ പോലും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മമതയ്ക്ക് വോട്ട് ചെയ്‌തെന്നും മൊയ്‌ലി പറഞ്ഞു.

രാഹുല്‍ മാറുമോ?
രാഹുല്‍ നിലവില്‍ ഒരു വിഭാഗത്തിന്റെ നേതാവാണ്. അതാണ് ഭരണം ഉള്ളിടത്ത് വിമതര്‍ ഉണ്ടാവുന്നത്. പാര്‍ട്ടിക്കുള്ളില്‍ അത് തന്നെയാണ് സ്ഥിതി. ഇവരെ മുഴുവന്‍ ഒന്നായി നിര്‍ത്താന്‍ രാഹുല്‍ ശൈലി മാറ്റാനാണ് സാധ്യത. സച്ചിനും രാഹുലും തമ്മിലുണ്ടായിരുന്ന വിശ്വാസ്യത നേരത്തെ നഷ്ടപ്പെട്ടതാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഒടുവില്‍ പ്രിയങ്ക ഗാന്ധിയാണ് ഇടപെട്ടത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരുന്നതോടെ മാത്രമേ ഇത് മാറൂ. അതേസമയം ബംഗാളിലെ തോല്‍വിയില്‍ അധീര്‍ ചൗധരി വീരപ്പ മൊയ്‌ലിക്ക് മറുപടി കൊടുത്തതോടെ പ്രശ്‌നം വഷളായിരിക്കുകയാണ്. പരസ്യമായ പോരാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications