
ട്രബിള്‍ ഷൂട്ടറാകാന്‍ കെസി വേണുഗോപാല്‍; ആദ്യ നിയോഗം രാജസ്ഥാനില്‍, രാഹുല്‍ ഗാന്ധി എത്തും മുമ്പ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരാണ് ഇവിടെ പാര്‍ട്ടി നേരിടുന്ന പ്രശ്‌നം. സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത ഭാഷയില്‍ അശോക് ഗെഹ്ലോട്ട് രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ പര്യടനം കഴിഞ്ഞാല്‍ രാജസ്ഥാനിലെത്തും. ഇതിന് മുമ്പ് ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുകയാണ് ഹൈക്കമാന്റ്. ദൗത്യത്തിന്റെ ചുക്കാന്‍ കെസി വേണുഗോപാലിനാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

നിലവില്‍ മധ്യപ്രദേശിലാണ് ഭാരത് ജോഡോ യാത്ര. ഡിസംബര്‍ ആദ്യവാരത്തില്‍ യാത്ര രാജസ്ഥാനിലേക്ക് എത്തും. അതിന് മുമ്പ് നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസി വേണുഗോപാലിനെ നേതൃത്വം രാജസ്ഥാനിലേക്ക് അയക്കുന്നത്. കൂടെ ഭാരത് ജോഡോ യാത്രയുടെ ഒരുക്കവും ചര്‍ച്ചയാകും.

ചൊവ്വാഴ്ച കെസി വേണുഗോപാല്‍ രാജസ്ഥാനിലെത്തും. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി രൂപീകരിച്ച കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഈ സമിതിയിലുണ്ട്. ഇരുവരുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തുന്നതോടെ സമവായ സാധ്യത തെളിയുമെന്നാണ് നേതൃത്വം കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള തര്‍ക്കം അന്നു മുതല്‍ തന്നെ ഹൈക്കമാന്റിന് തലവേദന സൃഷ്ടിച്ചിരുന്നു. പരിഹാര ശ്രമത്തിന്റെ ഭാഗമായിട്ടാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കിയത്. ഗെഹ്ലോട്ട് ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു തീരുമാനം.

രണ്ടര വര്‍ഷം കഴിഞ്ഞ വേളയില്‍ സച്ചിന്‍ പൈലറ്റ് വിമത കൊടി ഉയര്‍ത്തി. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയുമായി അദ്ദേഹം ഡല്‍ഹിയിലെത്തി ഹൈക്കമാന്റിനെ കണ്ടു. എന്നാല്‍ ഗെഹ്ലോട്ട് ഇറങ്ങാന്‍ തയ്യാകാതെ വന്നതോടെ പൈലറ്റിനെ പ്രിയങ്ക ഗാന്ധി ഇടപെട്ട് സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണിപ്പോള്‍ രാജസ്ഥാന്‍.

ഭാരത് ജോഡോ യാത്ര എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട് എന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും യാത്ര ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെയാണ് നേതാക്കളുടെ ഉള്‍പ്പോര് വെല്ലുവിളി സൃഷ്ടിക്കുന്നത്. കെസി വേണുഗോപാല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ് കെസി വേണുഗോപാല്‍. അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതും കെസി വേണുഗോപാലാണ്. രാജസ്ഥാനിലേക്ക് യാത്ര എത്തുമ്പോള്‍ പാര്‍ട്ടിയില്‍ അനിഷ്ട സംഭവങ്ങളുണ്ടാകരുതെന്ന് നേതൃത്വം കരുതുന്നു. അതുറപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് രാജസ്ഥാനില്‍ കെസി വേണുഗോപാലിന്.
ഖത്തര്‍ കേരളത്തിന് പണി തന്നത് കോഴിമുട്ടയില്‍!! ദോഹയില്‍ ജനം ഒഴുകിയെത്തി, ആവശ്യം ഏറി...

സച്ചിന്‍ പൈലറ്റ് ചതിയനാണ് എന്ന് അടുത്തിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് കുറ്റപ്പെടുത്തിയിരുന്നു. യാത്ര രാജസ്ഥാനിലെത്താനിരിക്കെ ഇത്തരത്തിലുള്ള പരാമര്‍ശം തിരിച്ചടിയാകുമെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. പൈലറ്റ് ബിജെപിയുമായി സഹകരിക്കുന്നുണ്ട് എന്ന വിമര്‍ശനവും ഗെഹ്ലോട്ട് ഉന്നയിച്ചു. പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം എന്നായിരുന്നു വിഷയത്തില്‍ പൈലറ്റിന്റെ മറുപടി. ജയറാം രമേശ് വിഷയത്തില്‍ ഇടപെട്ട പിന്നാലെയാണ് കെസി വേണുഗോപാല്‍ രാജസ്ഥാനിലെത്തുന്നത്.
ദിലീപ് നല്ല പയ്യനാണ്... ഒരുപാട് തമാശ പറയും, എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മി