ആ വാക്കുകള്‍ വിദ്വേഷം പരത്തുന്നത്; പ്രഗ്യാ സിങിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ കത്തി മൂര്‍ഛ കൂട്ടിവയ്ക്കണമെന്ന പ്രഗ്യാ സിങ് താക്കൂര്‍ എംപിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. ഹിന്ദുക്കള്‍ അവരുടെ വീടുകളില്‍ കത്തി മൂര്‍ഛ കൂട്ടി വയ്ക്കണമെന്നും അവര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികെ എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്.

കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പ്രഗ്യക്കെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്നും പ്രഗ്യയുടെ വാക്കുകള്‍ വിദ്വേഷം പരത്തുന്നതാണെന്നും വിഭാഗീയത ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രസംഗിച്ചിട്ട് 48 മണിക്കൂര്‍ പിന്നിട്ടു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ പ്രഗ്യക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് സ്വാമി പ്രഗ്യ സിങ് താക്കൂര്‍. മലേഗാവ് സ്‌ഫോടനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ പ്രഗ്യ നേരത്തെ വിവാദ പ്രസ്താവന നടത്തി മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. ഇവരെ മല്‍സരിപ്പിച്ച ബിജെപിയുടെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രഗ്യ ജയിച്ച് ലോക്‌സഭയിലെത്തിയത്.
മലേഗാവ് കേസില്‍ ജാമ്യം നേടിയ അവര്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാറില്ല. എന്നാല്‍ കായിക വിനോദങ്ങളില്‍ വരെ ഏര്‍പ്പെട്ട പ്രഗ്യയുടെ വീഡിയോ പുറത്തുവന്നത് കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.
ആരെങ്കിലും ആക്രമിച്ചാല്‍ ഹിന്ദുക്കള്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്. നിങ്ങളുടെ അന്തസിനെതിരായ ആക്രമണത്തെ ചെറുക്കണം. സ്വയ രക്ഷയ്ക്ക് നിങ്ങളുടെ വീടുകളില്‍ കത്തികള്‍ മൂര്‍ച്ഛ കൂട്ടിവെക്കണം. നിങ്ങളുടെ വീട്ടിലേക്ക് ആരെങ്കിലും നുഴഞ്ഞുകയറാന്‍ വന്നാല്‍ ചുട്ട മറുപടി നല്‍കണം. പച്ചക്കറി കഷ്ണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടില്‍ മൂര്‍ഛയാക്കി സൂക്ഷിക്കണം. എന്തൊക്കെ സാഹചര്യമാണ് നേരിടേണ്ടി വരിക എന്നറിയില്ല. സ്വയം പ്രതിരോധം എല്ലാവരുടെയും അവകാശമാണ്. ലൗ ജിഹാദ് അവരുടെ രീതിയാണ്. പ്രണയത്തില്‍ പോലും ജിഹാദ് ചെയ്യുന്നവരാണവര്‍. ഹിന്ദുക്കള്‍ക്ക് സ്‌നേഹമുണ്ട്. നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും പ്രഗ്യസിങ് താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications