ഇതാ റൈഡർ രാഹുല്‍: ബൈക്കില്‍ പാംഗോങ് തടാകത്തിലേക്ക് കോണ്‍ഗ്രസ് നേതാവിന്റെ സഞ്ചാരം
ലഡാക്ക്: കിഴക്കൻ ലഡാക്കിലെ പ്രശസ്തമായ പാംഗോങ് തടാകത്തിലേക്ക് ബൈക്കില്‍ സഞ്ചരിച്ച് രാഹുല്‍ ഗാന്ധി. ആറുപേരോളം അടങ്ങുന്ന സംഘമായി സ്പോർട്സ് ബൈക്കില്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധി ഇന്നത്തെ രാത്രി പാംഗോങിലെ ക്യാമ്പിലായിരിക്കും ചിലവഴിക്കുക. ശേഷം നാളെ രാവിലെ ലഡാക്കിലേക്ക് തിരിക്കും. യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഓഗസ്റ്റ് 20 ന് പാംഗോങ് തടാകത്തിലായിരിക്കും രാഹുൽ ആഘോഷിക്കുകയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഞാന്‍ പാംഗോങിലേക്കുള്ള യാത്രയിലാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണെന്ന് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്' യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളിയാഴ്ച ലഡാക്കിലെ തന്റെ ആദ്യ സന്ദർശന വേളയിൽ രാഹുല്‍ ഗാന്ധി ലേയിൽ 500-ലധികം യുവാക്കളുമായി സംവദിച്ചു."വെള്ളിയാഴ്ച ലേയിലെ തിരക്കേറിയ ഓഡിറ്റോറിയത്തിൽ 500-ലധികം യുവാക്കളുമായി രാഹുൽ ഗാന്ധി 40 മിനിറ്റിലേറെ സംസാരിച്ചു." കോൺഗ്രസിന്റെ ലേ ജില്ലാ വക്താവും ലഡാക്-ലെയിലെ പ്രതിപക്ഷ നേതാവുമായ സെറിംഗ് നംഗ്യാൽ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് കോൺഗ്രസ് നേതാവ് ലേയിലെത്തിയതെങ്കിലും പര്യടനം പിന്നീട് 25 വരെ നീട്ടുകയായിരുന്നു.
സെപ്തംബർ 10ന് നടക്കാനിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ-കാർഗിൽ (LAHDC-കാർഗിൽ) തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെയാണ് രാഹുല്‍ ഗാന്ധി ലഡാക്കിലെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധിയുടെ സന്ദർശനം കോണ്‍ഗ്രസ് പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 25 ന് രാവിലെ നടക്കുന്ന പൊതു റാലിയിൽ നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും രാഹുല്‍ ഗാന്ധിക്കൊപ്പം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പിനായി കോൺഗ്രസും എൻസിയും സഖ്യം രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അബ്ദുള്ള ഇവിടെ ചേരുമെന്നും മതേതര ശക്തികളുടെ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിർത്താനാണ് ഞങ്ങളുടെ നീക്കമെന്നാമ് കോൺഗ്രസ് നേതാവ് നസീർ മുൻഷിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമാണ് കാർഗിലിലെ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികൾ. 2018 ലെ തെരഞ്ഞെടുപ്പിൽ നാഷണല്‍ കോണ്‍ഫറന്‍സ് 10 സീറ്റുകൾ നേടി 30 അംഗ കൌണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എട്ട് സീറ്റുകൾ നേടി കോൺഗ്രസ് രണ്ടാമതെത്തി. ബിജെപിക്ക് ഒരു സീറ്റിൽ മാത്രമായിരുന്നു വിജയിക്കാനായത്. 2003-ൽ സ്ഥാപിതമായ ഹിൽ കൗൺസിലിന് 30 സീറ്റുകളാണുള്ളത്. ഇരുപത്തിയാറ് കൗൺസിലർമാരെ അതത് നിയോജക മണ്ഡലങ്ങളിൽ നിന്നും നാല് കൗൺസിലർമാരെ പ്രധാന ന്യൂനപക്ഷങ്ങളിൽ നിന്നും സ്ത്രീകളിൽ നിന്നും നോമിനേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.












Click it and Unblock the Notifications