സോണിയ ഗാന്ധി ആശുപത്രിയില്‍; ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍, ആരോഗ്യനില ഇങ്ങനെ
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എ ഐ സി സി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നിലവില്‍ സോണിയ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
പനിയോടൊപ്പം നേരിയ ശ്വാസതടസവും സോണിയ ഗാന്ധി നേരിടുന്നുണ്ട്. ഈ വര്‍ഷം രണ്ട് തവണ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈറല്‍ ശ്വാസകോശ സംബന്ധമായ അണുബാധയുടെ ചികിത്സയ്ക്കായി ജനുവരി 12 ന് ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചിരുന്നു.

അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജനുവരി 17 ന് ആണ് സോണിയ ഗാന്ധി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. ഇതിന് ശേഷം പൊതുപരിപാടികളില്‍ അത്ര സജീവമല്ലായിരുന്നു സോണിയ ഗാന്ധി. മാര്‍ച്ച് 2 ന് പനി ബാധിച്ച് വീണ്ടും അതേ ആശുപത്രിയില്‍ തന്നെ സോണിയയെ പ്രവേശിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ സോണിയ ഗാന്ധി അടുത്തിടെ ഓഗസ്റ്റ് 31-ന് മുംബൈയില്‍ നടന്ന പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയും സോണിയയ്‌ക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications