കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂലിൽ കെട്ടി ഇറക്കേണ്ട, തിരഞ്ഞെടുപ്പ് വേണം! രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിനെതിരെ കോൺഗ്രസിൽ വിമത ശബ്ദം!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുളള ആവശ്യം ശക്തമാകുന്നു. പുതിയ അധ്യക്ഷന്‍ വരണം എന്നത് മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പൊളിച്ച് പണിയണം എന്ന ആവശ്യം മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തിക്കഴിഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയേക്കും എന്ന് സൂചനകളുണ്ട്. എന്നാല്‍ അധ്യക്ഷനെ നോമിനേറ്റ് ചെയ്യുകയല്ല, പകരം തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത് എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസില്‍ അവസാനമായി അധ്യക്ഷനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചു. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷന്‍ വേണ്ട എന്ന നിലപാടും രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചു. പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നത് വരെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിയോഗിക്കുകയും ചെയ്തു.

പുതിയ അധ്യക്ഷൻ ആരാകും?

പുതിയ അധ്യക്ഷൻ ആരാകും?

സോണിയാ ഗാന്ധി അസുഖ ബാധിതയായതും ദില്ലി തിരഞ്ഞെടുപ്പില്‍ സംപൂജ്യരായതും കോണ്‍ഗ്രസിനുളളില്‍ നേതൃമാറ്റത്തിനുളള ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ഏപ്രിലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ഈ യോഗത്തില്‍ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം

തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം

അതിനിടെയാണ് ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് വേണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ആണ് ആദ്യത്തെ വെടി പൊട്ടിച്ചത്. നേതൃപ്രതിസന്ധിയാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടിരിക്കുന്നുവെന്നും സന്ദീപ് ദീക്ഷിത് തുറന്നടിച്ചു.

കാത്തിരിക്കുക വൻ പ്രതിസന്ധി

കാത്തിരിക്കുക വൻ പ്രതിസന്ധി

സന്ദീപ് ട്വിറ്ററിലെടുക്കുന്ന പണി ദില്ലി തിരഞ്ഞെടുപ്പിലെടുത്തിരുന്നെങ്കില്‍ ഫലം മാറിപ്പോയേനെ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല തിരിച്ചടിച്ചത്. എന്നാല്‍ സന്ദീപ് പരസ്യമായി പറഞ്ഞത് പാര്‍ട്ടിക്കുളളിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണ് എന്നത് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബീഹാറില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേതൃത്വത്തിലെ കുടുംബ വാഴ്ച

നേതൃത്വത്തിലെ കുടുംബ വാഴ്ച

കോണ്‍ഗ്രസിനെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഗാന്ധി കുടുംബത്തില്‍ നിന്നുളള ഒരു നേതാവിന് മാത്രമേ സാധിക്കൂ എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ഒരാള്‍ അധ്യക്ഷനായാല്‍ ഗ്രൂപ്പ് കളികളിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നേതൃപദവികളിലെ കുടുംബ വാഴ്ച എന്ന ആരോപണം വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുന്നതാണ്.

തെറ്റായ സന്ദേശം നൽകും

തെറ്റായ സന്ദേശം നൽകും

ഗാന്ധി കുടുംബത്തിലെ നേതാക്കളെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ ബിജെപി കടന്നാക്രമിക്കുക പതിവാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി വീണ്ടും തിരിച്ച് വരുന്നത് തെറ്റായ സന്ദേശമാകും നല്‍കുക എന്നത് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നേതൃപദവിയിലേക്ക് തിരികെ വരാന്‍ രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യം കാട്ടുന്നുമില്ല. എന്നാല്‍ രാഹുല്‍ അധ്യക്ഷനാകുന്നതിനോടാണ് സോണിയാ ഗാന്ധിക്ക് താല്‍പര്യം.

പ്രിയങ്ക വരട്ടെ

പ്രിയങ്ക വരട്ടെ

രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണം എന്നും കോണ്‍ഗ്രസിനുളളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബിജെപി കോട്ടയായ ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രിയങ്കയുടെ പ്രവര്‍ത്തനം. 2022ല്‍ കോണ്‍ഗ്രസിനെ ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തിക്കുക എന്ന ദൗത്യമാണ് പ്രിയങ്കയെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അധ്യക്ഷ പദവിയിലേക്ക് പ്രിയങ്കയെ കൊണ്ട് വരുന്നത് അബദ്ധമാകും എന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്.

സോണിയ വന്നത് മുതൽ തിരഞ്ഞെടുപ്പില്ല

സോണിയ വന്നത് മുതൽ തിരഞ്ഞെടുപ്പില്ല

1997ലാണ് അവസാനമായി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. സീതാറാം കേസരിയാണ് തിരഞ്ഞെടുക്കപ്പെട്ട അവസാന കോൺഗ്രസ് പ്രസിഡണ്ട്. 1998ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായതിന് ശേഷം പ്രവര്‍ത്തക സമിതിയിലേക്കോ പ്രസിഡണ്ട് സ്ഥാനത്തേക്കോ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അംഗങ്ങളെ പാര്‍ട്ടി അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യുന്നതായി പിന്നീടങ്ങോട്ടുളള പതിവ്. ഇതോടെ പാര്‍ട്ടി അധ്യക്ഷന് താല്‍പര്യമുളളവര്‍ മാത്രം നേതൃത്വത്തില്‍ ഇടംപിടിച്ച് തുടങ്ങി.

രാഹുൽ അല്ലാതെ മറ്റാര്?

രാഹുൽ അല്ലാതെ മറ്റാര്?

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനേയും പ്രവര്‍ത്തക സമിതിയിലേക്കുളള 12 അംഗങ്ങളേയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണം എന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാലും ആര് മത്സരിക്കാന്‍ തയ്യാറാകും എന്ന ചോദ്യം പ്രസക്തമാണ്. രാഹുല്‍ ഗാന്ധി മാത്രമേ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാന്ധി കുടുംബ വാഴ്ചയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ വിമത ശബ്ദം ഉയരുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

English summary
Congress leaders demand for election to choose new president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X