'50 നേതാക്കളുമായി ബിജെപിയിൽ ചേരാൻ കോൺഗ്രസ് മന്ത്രി ചർച്ച നടത്തി; കർണാടകയിൽ എന്തും സംഭവിക്കാം';കുമാരസ്വാമി
ബെംഗളൂരു: കർണാകടയിൽ മഹാരാഷ്ട്രയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാകുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സർക്കാർ വീഴും എന്ന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ് മന്ത്രി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും 50 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. ഹസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് മന്ത്രി ബി ജെ പി ദേശീയ നേതൃത്വവുമായിട്ടാണ് ചർച്ച നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ചേരാനുള്ള സാധ്യകളാണ് ചർച്ച ചെയ്തത്. ആറ് മാസത്തെ സാവകാശമാണ് തേടിയിരിക്കുന്നത്. എന്നാൽ 50 ഓ 60 ഓ എംഎൽഎമാരുമായി ബി ജെ പിയിൽ ചേരാമെന്നാണ് അദ്ദേഹം അറിയിച്ചത്', കുമാരസ്വാമി പറഞ്ഞു. എന്നാൽ മന്ത്രിയുടെ പേര് പറയാൻ കുമാരസ്വാമി തയ്യാറായില്ല.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കർണാടകത്തിൽ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. 'മഹാരാഷ്ട്രയിൽ സംഭവിച്ചതിന് സമാനമായി എന്തും കർണാടകയിലും സംഭവിച്ചേക്കാം. എന്നാൽ ആരായിരിക്കും അതിന് മുതിരുകയെന്ന് വ്യക്തമല്ല. ആരും പാർട്ടിയോട് കൂറുള്ളവരല്ല. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് അവരെല്ലാം പ്രവർത്തിക്കുന്നത്. ഇത് എല്ലാ കാലത്തും രാഷ്ട്രീയത്തിൽ സംഭവിക്കുന്നതാണ്', കുമാരസ്വാമി പറഞ്ഞു.
'രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് നിമിഷവും എന്തും സംഭവിക്കാം. ഇന്ന് ഈ പാർട്ടിയിലാണെങ്കിൽ നാളെ സ്വന്തം നേട്ടത്തിന് മറ്റൊരു പാർട്ടിയിലേക്ക് ഇവർ പോകും',കുമാരസ്വാമി പറഞ്ഞു. അതേസമയം ചെറിയ നേതാക്കളിൽ നിന്നും ഇത്തരമൊരു ധീരമായൊരു പ്രവൃത്തി പ്രതീക്ഷിക്കാനാകില്ലെന്നും സ്വാധീനമുള്ള ശക്തരായ നേതാക്കളായിരിക്കും ഇത്തരത്തിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ലും നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറിയെങ്കിലും ബി ജെ പി ഓപ്പറേഷൻ താമര പയറ്റി സർക്കാരിനെ വീഴ്ത്തുകയായിരുന്നു. അന്ന് ജെ ഡി എസുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് ഭരണം. തുടർന്ന് ഇരു പാർട്ടികളിലേയും 17 ഓളം നേതാക്കളെയായിരുന്നു ബി ജെ പി മറുകണ്ടം ചാടിച്ചത്. എന്നാൽ ഇത്തവണ തനിച്ചാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത്. 135 ഓളം സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിനെ വീഴ്ത്തുകയെന്നത് ബി ജെ പിക്ക് എളുപ്പമായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications