വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം..ബിജെപിക്ക് തിരിച്ചടി
ജയ്പൂർ; 2018 ൽ ബി ജെ പിയെ താഴെയിറക്കി രാജസ്ഥാൻ ഭരണം പിടിച്ചെങ്കിലും കോൺഗ്രസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയായിരുന്നു പോരിന് കാരണം. എന്നാൽ ഈ പോരൊന്നും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് സമിതി ഡിവിഷൻ തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയമാണ് കോൺഗ്രസ് നേടിയിരിക്കുന്നത്. വിശദമായി വായിക്കാം
മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?
ഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യത

ബാരന്‍, കോട്ട, ഗംഗാനഗര്‍, കരൗലി എന്നി 4 ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 30 പഞ്ചായത്ത് സമിതികളിൽ 568 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് . മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 2,251 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.ഇവരിൽ പഞ്ചായത്ത് സമിതി അംഗങ്ങൾക്കായി 1,946 പേരാണ് മത്സരിച്ചത്.

തിരഞ്ഞെടുപ്പിൽ 278 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് 165 സീറ്റുകൾ ലഭിച്ചു. 97 സ്വതന്ത്രരും 14 ബി എസ് പി അംഗങ്ങളും 13 സി പി എം അംഗങ്ങളും ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ നാല് ജില്ലകളിലേയും ജില്ലാ പരിഷദിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ജില്ലാ പരിഷത്ത് അംഗങ്ങൾക്കായി 305 പേരാണ് മത്സരിച്ചത്.

കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം നാല് ജില്ലാ പരിഷത്തുകളിലായി 106 അംഗങ്ങൾക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ കോൺഗ്രസിന് 59 ഉം ബി ജെ പി 35 ഉം സീറ്റുകളാണ് നേടിയത്. സമ്പൂർണ ഫലം പുറത്തുവന്നിട്ടില്ല. 106 ജില്ലാ പരിഷത്ത് അംഗങ്ങളിൽ മൂന്ന് പേരും 568 പഞ്ചായത്ത് സമിതി അംഗങ്ങളിൽ ആറ് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാർട്ടിക്ക് വലിയ കരുത്ത് പകരുന്നതാണ് വിജയമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സാര പ്രതികരിച്ചു. 30 പഞ്ചായത്ത് സമിതികളുടെ പ്രധാൻ സീറ്റിൽ 20 ഉം നേടാൻ തങ്ങൾക്ക് സാധിക്കുമെന്നും ദോത്സര അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിയിലും അതിന്റെ സർക്കാരിന്റെ സദ്ഭരണത്തിലും ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ വിജയമാണ് ഫലം . വിജയത്തിൽ എല്ലാ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും ദോത്സര കൂട്ടിച്ചേർത്തു.

അതേസമയം പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു പ്രതിപക്ഷ പാർട്ടി നടത്തുന്ന ഏറ്റവും തകർപ്പൻ പ്രകടനമാണ് ബി ജെ പി നടത്തിയതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. ഈ നാല് ജില്ലകളിലും കോൺഗ്രസിന് ജില്ലാ പരിഷത്ത് ബോർഡുകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ കോൺഗ്രസിൽ നിന്ന് രണ്ട് ജില്ലാ പരിഷത്ത് ബോർഡുകൾ ബി ജെ പി പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആകെയുള്ള 33 ജില്ലാ പ്രമുഖരിൽ 17 പേരും ബി ജെ പിയിൽ നിന്നുള്ളവരാണെന്നും ഇപ്പോൾ കോട്ട ഡിവിഷനിൽ രണ്ട് ജില്ലാ പരിഷത്ത് ബോർഡുകൾ കൂടി രൂപീകരിക്കുന്നതോടെ ബി ജെ പിക്ക് 19 ജില്ലാ പ്രമുഖരുണ്ടാകുമെന്നും പൂനിയ കൂട്ടിച്ചേർത്തു.