
ആരാകണം അടുത്ത കോൺഗ്രസ് അധ്യക്ഷൻ? ശശി തരൂരിന്റെ ഉത്തരം ഇതാണ്
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായ തിരിച്ചടികളാണ് കോൺഗ്രസ് നേരിട്ടത്. രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ താഴെയിറക്കി ഭരണം ബിജെപി തിരിച്ച് പിടിച്ചു. നിരവധി പ്രമുഖ നേതാക്കൾ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിലേക്ക് ചേക്കേറി. ഏറ്റവും ഒടുവിലായി ഇതാ രാജസ്ഥാനിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ സച്ചിൻ പൈലറ്റാണ് അവിടെ മുഖ്യമന്ത്രി അശോത് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ശക്തമായൊരു നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണമെന്ന് പാർട്ടിയിലെ നേതാക്കൾ തന്നെ ആവർത്തിക്കുന്നു. ഇപ്പോഴിതാ വിഷയത്തിൽ നിലപാട് വ്യക്താക്കുകയാണ് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ.

രാഹുൽ ഗാന്ധിയുടെ പടിയിറക്കം
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാല പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആവശ്യം പോലും രാഹുൽ ഗാന്ധി അംഗീകരിച്ചില്ല. ഇതോടെ ഗത്യന്തരമില്ലാതെ വീണ്ടും സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി.

എതിർപ്പുകൾ ശക്തം
സോണിയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഒരു വർഷം തികയുകയാണ്. ഇനിയും സോണിയാ ഗാന്ധി തന്നെ തത്സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സോണിയ തന്നെ തുടരുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ശക്തമാണ്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാർട്ടിയിലെ വികാരം. മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്.

ഞാനും സ്വാഗതം ചെയ്തിരുന്നു
ഉടൻതന്നെ മുഴുവൻ സമയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. സോണിയ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് ഇനിയും തുടരാൻ ആവശ്യപ്പെടുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല അധ്യക്ഷയായി സോണിയ ജിയെ തിരഞ്ഞെടുത്ത തിരുമാനത്തെ ഞാനും സ്വാഗതം ചെയ്താണ്. എന്നാൽ ഈ ഭാരം അനിശ്ചിതമായി അവർ ചുമക്കുകയെന്നത് അനീതിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

രാഹുലിന്റെ ഇടപെടൽ
രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ വീണ്ടും നയിക്കാനുള്ള കഴിവും ശേഷിയും ഉണ്ടെന്ന് തന്നെയാണ് താൻ കരുതുന്നത്.മോദി സർക്കാരിന്റെ വീഴ്ചയിലും പ്രവർത്തനങ്ങളിലും സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയർത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്.ശ്രദ്ധേയമായ ഇടപെടലാണ് ഒരു നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി നടത്തുന്നത്. പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ കാലത്ത്.

ദീർഘവീക്ഷണമുള്ള നേതാവ്
കൊവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചകളെ മാത്രമല്ല, അതിർത്തിയിലെ ചൈനീസ് കൈയ്യേങ്ങളെ കുറിച്ചും സാമ്പത്തിക മേഖലയെ കുറിച്ചുമെല്ലാം രാഹുൽ ഗാന്ധി സർക്കാരിനെ മുൾമുനയിൽ നിർത്തുകയാണ്. ദീർഘ വീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള നേതാവാണ് രാഹുൽ. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ജനങ്ങളുടെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്തണം
രാഹുൽ മടങ്ങിയെത്തുകയാണെങ്കിൽ ആ രാജി പിൻവലിക്കുക മാത്രമാണ് ചെയ്യേണ്ടത്. രാഹുലിന് 2022 വരെയാണ് കാലാവധി.
ഇനി അദ്ദേഹത്തിന് അധ്യക്ഷ സ്ഥാനത്ത് മടങ്ങിയെത്താൻ താത്പര്യമില്ലെങ്കിൽ പുതിയൊരു പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ നേതൃത്വം തയ്യാറാകണം, തരൂർ പറഞ്ഞു. ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിമർശനത്തെ നമ്മൾ നേരുടേണ്ടതുണ്ട്. അതാണ് പ്രധാനമായം നമ്മൾ അഭിസംബോധന ചെയ്യേണ്ടത്.

കോൺഗ്രസിന് ഗുണം ചെയ്യും
രാഹുൽ മടങ്ങുന്നില്ലേങ്കിൽ തികച്ചും ജനാധിപത്യമായ പ്രക്രിയയിലൂടെ പുതിയ നേതാവിനെ കണ്ടെത്തണം. സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പ് തീർച്ചയായും പാർട്ടിക്ക് ധാരാളം ഗുണം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ശശി തരൂർ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ്
പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തിരഞ്ഞൈടുപ്പ് നടത്തണമെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ട നേതാവാണ് ശശി തരൂർ. അതേസമയം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് പാർട്ടിയുടെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്ന വാദമാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്.
'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ
നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്
പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല