63 ശതമാനത്തില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, പഞ്ചാബില്‍ 90 സീറ്റ് ടാര്‍ഗറ്റ്, വെല്ലുവിളി ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചെയ്യാത്ത കാര്യമാണ് പഞ്ചാബില്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഫലിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉറപ്പില്ല. രാഹുല്‍ ഗാന്ധിയിലാണ് ഇനിയുള്ള പ്രതീക്ഷ. അടുത്ത ദിവസത്തെ വലിയ പര്യടത്തിന് രാഹുല്‍ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. 63 ശതമാനം വരുന്ന ആ വോട്ടുബാങ്കാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമോ എന്ന കാര്യം തീരുമാനിക്കുക.
നവജ്യോത് സിദ്ദുവാണ് ഇത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നത്. അമരീന്ദര്‍ സിംഗാണെങ്കില്‍ ഇതിലൊന്നും ഭാഗമില്ല. വെല്ലുവിളി മൂന്ന് തരത്തില്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ഇതില്‍ വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി സിദ്ദുവായിരിക്കുമെന്ന് ഉറപ്പാണ്.

സിദ്ദു പ്ലാന്‍ ചെയ്ത തന്ത്രം ഇങ്ങനെയാണ്. ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല്‍ ഒരേസമയം സിഖ് വോട്ടുകളും ദളിത് വോട്ടുകളും നേടാനാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇത് രാഹുല്‍ ഗാന്ധിക്കും അറിയാം. എന്നാല്‍ ദളിത് സംഘടനകള്‍ ഇതില്‍ ഹാപ്പിയല്ല. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തുന്ന നാടകം മാത്രമായിട്ടാണ് അവരിതിനെ കാണുന്നത്. ഇവരെ കൈയ്യിലെടുക്കുകയാണ് ഇനിയുള്ള വെല്ലുവിളി. സിദ്ദു അതിന് മുമ്പ് ഗുരുഗ്രന്ഥ സാഹിബിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കേണ്ടി വരും. അമരീന്ദര്‍ മാറിയെങ്കിലും കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളൊക്കെ അതേപടി തന്നെ തുടരുകയാണ്.

പഞ്ചാബില്‍ ജനസംഖ്യയുടെ 31.9 ശതമാനം പട്ടികജാതി വിഭാഗക്കാരുണ്ട്. ഇത് 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണ്. 31.3 ശതമാനം ഒബിസികളുമുണ്ട്. ഇത് രണ്ടും ചേര്‍ത്താല്‍ 63.2 ശതമാനം ജനവിഭാഗം വരും. ഇവരുടെ വോട്ട് നേടിയാല്‍ കോണ്‍ഗ്രസിന് പിന്നെ പേടിക്കേണ്ടതില്ല. ചരണ്‍ജിത്തിന്റെ വരവ് ഇതിന് വേണ്ടിയുള്ളതാണ്. മറ്റൊന്ന് ചരണ്‍ജിത്ത് ഗ്രാസ്‌റൂട്ട് നേതാവാണ് എന്നുള്ളതാണ്. ഏറ്റവും അടിത്തട്ടിലെ പ്രവര്‍ത്തകരുമായി വരെ നല്ല ബന്ധവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അടുത്ത അഞ്ച് മാസത്തിനുള്ളില്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കും. 40 ദിവസം മുമ്പ് തന്നെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കും. പുതിയ മുഖ്യമന്ത്രി ഈ കാലയളവ് കൊണ്ട് ഒന്നും ചെയ്യില്ലെന്നാണ് ദളിത് വിഭാഗം പറയുന്നത്.

പട്ടികജാതി വിഭാഗം 32 ശതമാനമുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. കാരണം ഇവര്‍ രണ്ട് സമുദായങ്ങളായിട്ടാണ് ഉള്ളത്. ഇതില്‍ 60 ശതമാനം രവി ദാസിയ വിഭാഗമാണ്. മറ്റൊന്ന് വാല്‍മീകി വിഭാഗമാണ്. രവിദാസിയ വിഭാഗത്തില്‍ നിന്നുള്ളയാളാണ് പുതിയ മുഖ്യമന്ത്രി. ഇവര്‍ തമ്മില്‍ അകന്ന് നില്‍ക്കുന്നത് കൊണ്ട് ആര്‍ക്കും വലിയ നേട്ടമില്ല. ഇവര്‍ തമ്മില്‍ ഒന്നിച്ചിരുന്നെങ്കില്‍ പഞ്ചാബില്‍ വലിയ സ്വാധീന ശക്തിയായി മാറാമായിരുന്നു. ചരണ്‍ജിത്തിലൂടെ ഈ വിഭാഗത്തെ മൊത്തമായി കോണ്‍ഗ്രസ് നേടുമെന്നാണ് വിലയിരുത്തല്‍. ബിഎസ്പിയെ കൂട്ടുപിടിച്ച് അകാലിദള്‍ നീക്കം നടത്തിയെങ്കിലും അത് നേട്ടമാകില്ല. ബാദല്‍ കുടുംബത്തിനോടുള്ള രോഷം പഞ്ചാബില്‍ ഇപ്പോഴുമുണ്ട്.

അമരീന്ദര്‍ സിംഗ് പ്രചാരണത്തിന് ഇറങ്ങുമോ എന്നതാണ് മറ്റൊരു കാര്യം. അമരീന്ദര്‍, സിഖ് വിഭാഗത്തില്‍ ഇപ്പോഴും ജനപ്രീതിയുള്ള നേതാവാണ്. എന്നാല്‍ പല നിര്‍ണായക വിഷയങ്ങളിലും അമരീന്ദര്‍ നടപടിയെടുക്കാതിരുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. കോണ്‍ഗ്രസ് കൂടാരത്തില്‍ ഇനി അമരീന്ദറിന് എന്തെങ്കിലും റോളുണ്ടാവുമെന്ന് കരുതാനാവില്ല. ദേശീയ തലത്തിലേക്ക് അമരീന്ദറിനെ കൊണ്ടുവരാനുള്ള താല്‍പര്യം രാഹുല്‍ ഗാന്ധി കാണിച്ചിട്ടില്ല. സിദ്ദുവുമായി ഒരു കൂടാരത്തില്‍ ക്യാപ്റ്റനുണ്ടാവില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപി അദ്ദേഹത്തിനായി വലവിരിച്ച് കഴിഞ്ഞു. ബിജെപിയുടെ ദേശീയ പ്ലാനിന് എന്തുകൊണ്ടും അനുയോജ്യനാണ് അദ്ദേഹം.

സിദ്ദുവായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പാണ്. യുവാക്കളുടെ വോട്ട് അദ്ദേഹത്തിനുണ്ടെന്ന വിശ്വാസത്തിലാണ് രാഹുല്‍ ആ നീക്കം നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ പ്രിയങ്ക ഗാന്ധിയാണ് ഇത്രയധികം പിന്തുണ സിദ്ദുവിന് നല്‍കുന്നത്. അമരീന്ദര്‍ സിംഗിന് പിഴച്ചതും അക്കാര്യത്തിലാണ്. സോണിയാ ഗാന്ധിയാണ് എല്ലാ കാര്യങ്ങളും നീക്കുന്നതെന്ന വിശ്വാസത്തില്‍ അമരീന്ദര്‍ നിരന്തരം അവരുമായിട്ടാണ് സംസാരിച്ചിരുന്നത്. എന്നാല്‍ സിദ്ദുവാകട്ടെ പ്രിയങ്കയുമായും രാഹുലുമായി നിരന്തരം സംസാരിച്ച് അമരീന്ദറിനെതിരെ റിപ്പോര്‍ട്ടും നല്‍കി. രാഹുല്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നത് കാര്യങ്ങള്‍ സിദ്ദുവിന് അനുകൂലമാക്കുകയായിരുന്നു.

കര്‍ഷകര്‍ ദില്ലിയിലേക്ക് പോകണമെന്നും പഞ്ചാബിന്റെ വികസനം തടയരുതെന്നുമൊക്കെയുള്ള അമരീന്ദറിന്റെ പ്രസ്താവന രാഹുലിനെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. വേഗത്തില്‍ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം അങ്ങനെയാണ് നടന്നത്. സിദ്ദുവിന്റെ കാര്യത്തില്‍ പഞ്ചാബിലെ പല എംഎല്‍എമാര്‍ക്കും ഇപ്പോഴും സംശയങ്ങളുണ്ട്. അദ്ദേഹത്തിന് കോണ്‍ഗ്രസിനെ ഭൂരിപക്ഷത്തിലേക്ക് നയിക്കാനാവുമോ എന്നതാണ് സംശയം. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിന്റെ ശ്രമം. എഎപിയുടെ പ്രഖ്യാപനങ്ങളെ മറികടക്കുന്നവയായിരിക്കും ഇതെന്ന് സൂചനയുണ്ട്.

2017ല്‍ നിന്ന് മുന്നോട്ട് പോകണമെന്ന നിര്‍ദേശം സിദ്ദുവിന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 2017ല്‍ 77 സീറ്റാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. അന്ന് അമരീന്ദര്‍ പട്യാലയില്‍ ജയിച്ചപ്പോള്‍ പ്രകാശ് സിംഗ് ബാദലിനെതിരെ ലമ്പിയില്‍ പരാജയപ്പെട്ടിരുന്നു. 46 സീറ്റില്‍ നിന്നാണ് 77 സീറ്റിലേക്ക് അന്ന് കോണ്‍ഗ്രസ് ഉയര്‍ന്നത്. ഇത്തവണ 90 സീറ്റാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2017ല്‍ പട്ടികജാതി വിഭാഗത്തിലെ 34 സംവരണ സീറ്റില്‍ 22 എണ്ണവും കോണ്‍ഗ്രസാണ് നേടിയത്. എഎപിയും അകാലിദളും ഇത്തവണ ലക്ഷ്യമിടുന്നത് ഈ കോട്ടയാണ്. 58 ശതമാനം വരുന്ന ജാട്ട് സിഖ് വിഭാഗത്തെ എങ്ങനെ കോണ്‍ഗ്രസ് പിണക്കാതെ കൂടെ നിര്‍ത്തുമെന്നതും നിര്‍ണായകമാണ്.
Recommended Video

ജാട്ട് സിഖ് വിഭാഗത്തിന്റെ ചുമതല സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയ്ക്കാണ്. ഉപമുഖ്യമന്ത്രി സ്ഥാനം അതിനുള്ളതാണ്. അതേസമയം ഇവരെയൊക്കെ ഒപ്പം നിര്‍ത്തേണ്ടത് രാഹുല്‍ ഗാന്ധിയുടെ കൂടെ ചുമതലയാണ് അദ്ദേഹം അടുത്ത ദിവസം തന്നെ പഞ്ചാബിലെത്തും. എല്ലാ എംഎല്‍എമാരെയും അദ്ദേഹം കാണും. അമരീന്ദര്‍ സിംഗിനെ കാണുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. കണ്ടില്ലെങ്കില്‍ ക്യാപ്റ്റന്‍ പാര്‍ട്ടി വിടാനുള്ള സാധ്യതയേറും. അത് ചിലപ്പോള്‍ രാഷ്ട്രീയ നഷ്ടം കോണ്‍ഗ്രസിനുണ്ടാക്കും. ദളിത്, ജാട്ട്, സിഖ് വിഭാഗങ്ങളെയും ഒപ്പം ഗുരുദ്വാര സന്ദര്‍ശനവും അടക്കം രാഹുലിന്റെ വരവിന്റെ ഭാഗമാകും. രാഹുലിനുള്ള സ്വാധീനം വളരെ വലുതാണ്. സിദ്ദുവിന്റെ പ്രതീക്ഷയും അതിലാണ്. ഏത് ഫോര്‍മുല വിജയിക്കണമെങ്കിലും കൂടെ അമരീന്ദര്‍ നില്‍ക്കണമെന്നതാണ് സത്യം.












Click it and Unblock the Notifications