പൗരത്വ ഭേദഗതി: പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും!! നിയമത്തിനെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും പ്രതിഷേധ റാലികള്‍ നടക്കും. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറും. അതേസമയം രാജ്യത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇന്ന് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും.
രാജ്യത്തെ പ്രതിഷേധം തടയാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ലെന്നും രാഷ്ട്രപതി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. നിയമം റദ്ദാക്കുന്നതിന് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നടപടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കും.

സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന നടപടിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പാകിസ്താന്‍ പാര്‍ലമെന്‍റ് ഐകകണ്ഠേന പ്രമേയം പാസാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾക്കും ധാരണകൾക്കും എതിരാണ് ഈ ഭേദഗതി, പ്രത്യേകിച്ചും അതത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച്, പ്രമേയം അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മഹ്മ്മൂദ് പറഞ്ഞു. നിയമത്തിലെ വിവേചനപരമായ ഭാഗങ്ങള്‍ റദ്ദ് ചെയ്യണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications