മിഷണറീസ് ഓഫ് ചാരിറ്റി വിഷയം ആയുധമാക്കാൻ കോൺഗ്രസ്; ഗോവയിൽ പ്രതീക്ഷ ഇങ്ങനെ
ദില്ലി; മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടി വലിയ വിവാദങ്ങൾക്കാണ് കാരണമായത്. യോഗ്യത വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എഫ് സി ആർ എ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചത്. കേന്ദ്രത്തിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു വിഷയത്തിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറിച്ചത്. ഇപ്പോഴിതാ വിഷയം ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്, പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ.
2008 ന് ശേഷം സ്ഥാപിച്ച ഐഐടികൾ മതിയായ അക്കാദമിക നിലവാരം പുലർത്തുന്നില്ല; സിഎജി റിപ്പോർട്ട്

മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്നായിരുന്നു വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും ഗോവയുടെ ചുമതലയുമുള്ള മുൻ കേന്ദ്ര മന്ത്രി പി ചിദംബരം പ്രതികരിച്ചത്. മുസ്ലീങ്ങൾക്ക് ശേഷം ഇപ്പോൾ ക്രിസ്ത്യാനികളാണ് ഹിന്ദുത്വ ബ്രിഗേഡിന്റെ അടുത്ത ലക്ഷ്യം എന്നും ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

സർക്കാരിതര സംഘടനകൾക്ക് അനുമതി നിഷേധിച്ചത് ക്രിസ്ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള സർക്കാരിന്റെ പക്ഷപാതവും മുൻവിധിയും വെളിപ്പെടുത്തുന്നതാണ്. 021 അവസാനിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. മോദി സർക്കാർ അവരുടെ അടുത്ത ഇരയെ കണ്ടെത്തിയിരിക്കുന്നു. അത് ക്രിസ്ത്യാനികളാണ്.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഭാവിയിൽ വിദേശ സംഭാവനകൾ നിഷേധിക്കുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല.ഇന്ത്യയിലെ ദരിദ്രർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണയോടുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും ചിദംബരം ട്വീറ്റിൽ പറഞ്ഞിരുന്നു.

2011 ലെ സെൻസസ് പ്രകാരം ഗോവയിലെ ജനസംഖ്യയുടെ 25.1% ക്രിസ്ത്യാനികളാണ്. ഗോവയിൽ പ്രബല വിഭാഗം 30 ശതമാനം വരുന്ന ഭണ്ഡാരി സമുദായമാണെങ്കിലും അധികാരം പിടിക്കണമെങ്കിൽ ക്രിസ്ത്യൻ വോട്ടുകളും നിർണായകമാണ്. ആകെയുള്ള 40 മണ്ഡലങ്ങളിൽ 10 മണ്ഡലങ്ങളിലെങ്കിലും ക്രിസ്യൻ വിഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. തെക്കൻ ഗോവയിലാണ് ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനം കൂടുതൽ.

ഭണ്ഡാരി-ക്രിസ്യൻ വോട്ടുകൾ നേടാനായാൽ ഭരണത്തിലേറാനുള്ള താക്കോലായി എന്നാണ് കണക്കാക്കപ്പെടുന്നത്. 2017 ൽ ബി ജെ പിക്ക് അധികാരം ലഭിച്ചപ്പോൾ ഗൗഡ് സാരസ്വത് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട അന്തരിച്ച മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ ക്രിസ്ത്യൻ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഉപമുഖ്യമന്ത്രിയെ വേണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് മറാത്ത വിഭാഗക്കാരമാണ്.
ഈ പശ്ചാത്തലത്തിൽ മിഷണറീസ് ഓഫ് ചാരിറ്റി വിഷയം ഉയർത്തി ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാനുളള ശ്രമത്തിലാണ് കോൺഗ്രസ്.

2017 ൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടപ്പെട്ട ഗോവയിൽ ഇക്കുറി ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തിൽ കോൺഗ്രസ്. എന്നാൽ ആം ആദ്മി പാർട്ടിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും വരവോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് നിലവിൽ ഗോവയിൽ കളമൊരുങ്ങിയിരിക്കുന്നത്. ഇരുപാർട്ടികളുടേയും സാന്നിധ്യം ബി ജെ പി വിരുദ്ധ വോട്ടുകളിൽ വിഭജിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്.

മുൻ എൻ ഡി എ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുവശത്ത് മറ്റൊരു എൻ ഡി എ സഖ്യകക്ഷിയായിരുന്നു മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായി സഖ്യത്തിലാണ് തൃണമൂൽ കോണ‍്ഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.