ഡല്‍ഹി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്: സിസോദിയക്കെതിരെ ഫർഹാദ് സൂരി
ഡല്‍ഹി: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മാത്യ മഹലിൽ നിന്നും അസിം അഹമ്മദ് ഖാനേയും ബിജ്വാസനിൽ നിന്നും ദേവീന്ദർ സെഹ്‌രാവത്തിനേയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുൻ എ എ പി, എം എൽ എമാരായ അസിം അഹമ്മദ് ഖാനും ദേവീന്ദർ സെഹ്‌രാവത്തും കഴിഞ്ഞ ദിവസമായിരുന്നു എ എ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
റിതാലയിൽ നിന്ന് സുശാന്ത് മിശ്രയും മംഗോൾ പുരിയിൽ നിന്ന് ഹനുമാൻ ചൗഹാനും മത്സരിക്കും. ഷക്കൂർ ബസ്തിയിൽ സതീഷ് ലൂത്ര, ത്രി നഗറിൽ സതേന്ദർ ശർമ, മോത്തി നഗറിൽ രാജേന്ദർ നാംധാരി എന്നിവരേയും കോണ്‍ഗ്രസ് മത്സരിപ്പിക്കും. മാഡിപ്പൂരിൽ പി പൻവാർ, രജൗരി ഗാർഡനിൽധർമപാൽ ചന്ദേല, ഉത്തം നഗറിൽ മുകേഷ് ശർമ, മതിയാലയിൽ രഘുവീന്ദർ ഷോക്കീൻ, ഡൽഹി കാൻ്റിൽപ്രദീപ് കുമാർ ഉപമന്യു, രജീന്ദർ നഗറിൽ വിനീത് യാദവ് എന്നിവരും സ്ഥാനാർത്ഥികളാകും. ജംഗ്പുര നിയമസഭാ സീറ്റിൽ ഫർഹാദ് സൂരിയേയാണ് എ എ പി നേതാവ് മനീഷ് സിസോദിയയെ നേരിടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് രണ്ടാംഘട്ട പത്രിക പുറത്തുവിട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വീഡിയോ കോൺഫറൻസിംഗിലൂടെ സി ഇ സി യോഗത്തിൽ പങ്കെടുത്തു, ഡൽഹി ഇൻചാർജ് ഖാസി മുഹമ്മദ് നിസാമുദ്ദീൻ, ഡൽഹി യൂണിറ്റ് മേധാവി ദേവേന്ദർ യാദവ് എന്നിവരും സി ഇ സിയിലെ മറ്റ് അംഗങ്ങളും എ ഐ സി സി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു.
2025 ഫെബ്രുവരിയിൽ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ഇതുവരെ ആകെ 26 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ സന്ദീപ് ദീക്ഷിത്, ബദ്‌ലിയിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദേവേന്ദർ യാദവ്, ബല്ലിമാരനിൽ മുൻ മന്ത്രി ഹറൂൺ യൂസഫ്, പട്‌പർഗഞ്ചിൽ ചൗധരി അനിൽ കുമാർ എന്നീ പ്രമുഖരെയായിരുന്നു പാർട്ടി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിലും എ എ പിയും കോണ്‍ഗ്രസ് തനിച്ചാണ് ബി ജെ പിക്കെതിരെ പോരിനിറങ്ങുന്നത്. എ എ പി ഭരണം നിലനിർത്താന്‍ പരിശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ നാണക്കേട് മറികടക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 2020 ല്‍ എ എ പി 70-ൽ 62 സീറ്റുകളുമായി അധികാരം നിലനിർത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചില്ല. എട്ട് സീറ്റുമായി ബി ജെ പിയായിരുന്നു രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications