'2024 ലും വിജയിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് സാധിച്ചേക്കില്ല'; രാഹുല്‍ നേതൃത്വത്തില്‍ അതൃപ്തി
ദില്ലി: മുഴുവന്‍ സമയ നേതൃത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചതോടെ വലിയ ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. 23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നായിരുന്നു സോണിയാഗാന്ധിക്ക് കത്തെഴുതിയത്. എന്നാല്‍ പിന്നാലെ ചേര്‍ന്ന് പ്രവര്‍ത്തക സമിതി യോഗത്തിലും സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പുറമേതുടര്‍ച്ചായ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ നേരിട്ട കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് എത്തുന്നതില്‍ അതൃപതിപുകയുന്നുണ്ട്. കോണ്‍ഡഗ്രസ് നേതാക്കള്‍ തന്നെ അത് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്
കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് മികച്ച നേതൃത്വമെന്ന് കരുതുന്നില്ലെന്ന് കത്തെഴുതിയ 23 കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ വ്യക്തമാക്കി. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വരാനിരിക്കുന്ന 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടി അധികാരത്തിലെത്തിക്കാന്‍ രാഹുല്‍ നേതൃത്വത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം.

അധ്യക്ഷ സ്ഥാനത്തേക്ക്
2014 ലും 2019 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിച്ച് അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല. പല സീറ്റുകളും നിലനിര്‍ത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആഹ്നാവും ഒരു വിഭാഗം ശക്തിപ്പെടുത്തുന്നുണ്ട്.

സോണിയാഗാന്ധി
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജി വെക്കുന്നത്. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധി ചുമതലയേല്‍ക്കുകയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം പലകുറി ഉയര്‍ന്നെങ്കിലും നേതൃത്വത്തിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം.

യാഥാര്‍ത്ഥ്യങ്ങള്‍
'നാഗ്പൂരില്‍ നിന്നും ഷിംല വരെ പാര്‍ട്ടിക്ക് 16 സീറ്റുകളാണുള്ളത്. അതില്‍ എട്ട് സീറ്റുകള്‍ പഞ്ചാബില്‍ നിന്നുള്ളതാണ്. നമ്മള്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. നമ്മള്‍ ഇന്ത്യയിലാണെന്നും ഇവിടെ വ്യത്യസ്തമായ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നും. ഒരു യോഗം ഉണ്ടെങ്കില്‍ വിഷയത്തില്‍ ഞാന്‍ എന്റെ വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കും.' കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഒരു വ്യക്തിയെ കുറിച്ചല്ല. മറിച്ച് പ്രശ്‌നങ്ങളാണ് ഉയര്‍ത്തികൊണ്ട് വരികയും പരിഹരിക്കുകയും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മാറ്റങ്ങള്‍
സോണിയാഗാന്ധിക്ക് നേതൃത്വ പ്രതിസന്ധിയെ ചൊല്ലി കത്തെഴുതിയവരെല്ലാം തന്നെ പാര്‍ട്ടിയോട് പ്രതിജ്ഞാബദ്ധരും സോണിയാഗാന്ധിയോട് ബഹുമാനം പുലര്‍ത്തുന്നവരുമാണെന്നും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുന്നതിന് പാര്‍ട്ടിയില്‍ കൊണ്ട് വരേണ്ട ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വിമര്‍ശനം
ഇതിനിടെ യോഗത്തില്‍ കത്തെഴുതിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളും ചില അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കത്ത് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. പിന്നാലെ കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.