'ഭരണഘടന നൽകുന്ന അവകാശം ദുരുപയോഗം ചെയ്തു'; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതി
ഡൽഹി: സനാതനധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ അതിരൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഒരു മന്ത്രിയെന്ന നിലയിൽ നടത്തുന്ന പരാമർശങ്ങളുടെ പേരിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി ബോധവാനായിരിക്കേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് പരാമർശം.
'ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശം ദുരുപയോഗം ചെയ്യുന്നു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള (സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ) അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ അറിയാമോ? നിങ്ങൾ ഒരു സാധാരണക്കാരനല്ല, ഒരു മന്ത്രിയാണ്. അനന്തരഫലങ്ങളെ കുറിച്ച് ബോധവാനായിരിക്കണമായിരുന്നു', എന്നായിരുന്നു കോടതിയുടെ വാക്കുകൾ.

മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉദയനിധി സ്റ്റാലിനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വിവിയാണ് കോടതിയെ സമീപിച്ചത്. കേസുകൾ വിവിധ കോടതികളിലായതിനാൽ തനിക്ക് ആറ് ഹൈക്കോടതികളിൽ പോകേണ്ട സാഹചര്യം വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ മെറിറ്റിനെ കുറിച്ച് താൻ ന്യായീകരിക്കുന്നില്ലെന്നും എഫ്ഐആറുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നത്. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. വിഷയത്തിൽ ഉദയനിധിക്കെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലായി അദ്ദേഹത്തിനെതിരെ കേസും ഫയൽ ചെയ്തിരുന്നു.
അതേസമയം ജാതീയത അടിസ്ഥാനമാക്കിയുള്ള സനാതന ധര്‍മം സമത്വത്തിന് എതിരാണ് എന്നായിരുന്നു ഉദയനിധി ആനർത്തിച്ച് വിശദീകരിച്ചത്. സമത്വവും വിദ്യാഭ്യാസവും അത് നിഷേധിക്കുന്നു. മാത്രമല്ല, ആരാധനാലയങ്ങൡ പ്രവേശിക്കുന്നതും തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസുകളെ നിയമപരാമയി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications