ഔറംഗസേബിനെ പുകഴ്ത്തി കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി സംഘർഷം; കോലാപൂരിൽ സുരക്ഷ ശക്തമാക്കി
മുംബൈ: സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയിലെ കോലാപൂരിൽ സംഘർഷം. മുഗൾ ചക്രവർത്തി ഔറംഗസേബിനേയും മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനേയും പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പോസ്റ്റ് പങ്കുവെച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.
പ്രതിഷേധക്കാർ കോലാപൂരിലെ ഛത്രപതി ശിവാജി മഹാരാജ് ചൗക്കിലെ ചില കടകളും വാഹനങ്ങളും അടിച്ച് തകർത്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പിന്നാലെ ആളുകൾ തടിച്ച് കൂടിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.

'കോലാപൂരിൽ ബന്ദിന് ആഹ്വാനം ചെയ്ത് ചില ഹിന്ദു സംഘടനകൾ രംഗത്തെത്തുകയായിരുന്നു. ഇവർ കല്ലെറിയാൻ ആരംഭിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്', കോലാപൂർ സൂപ്രണ്ട് ഓഫ് പോലീസ് മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു. നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.
അതേസമയം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. 'ഇത് ഒട്ടും യാദൃശ്ചികമായി കാണാൻ സാധിക്കില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. മഹാരാഷ്ട്രയിൽ ഔറംഗസേബിനെ പുകഴ്ത്തുന്നവർക്ക് മാപ്പില്ല', ഫഡ്നാവിസ് പറഞ്ഞു.
എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു.












Click it and Unblock the Notifications