കണ്‍ട്രോള്‍ റൂമിലേക്ക് ഓടിയെത്തി ഒഡീഷ മുഖ്യമന്ത്രി; തീര്‍ത്തും ദാരുണമായ ഒരു അപകടമെന്ന് നവീൻ പട്നായിക്
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിന് പിന്നാലെ കണ്‍ട്രോള്‍ റൂമിലേക്ക് അതിവേഗമെത്തി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. രാത്രി മുഖ്യമന്ത്രി കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് കാര്യങ്ങള്‍ പരിശോധിക്കും. അതേസമയം ശനിയാഴ്ച്ച രാവിലെ പട്‌നായിക്ക് ബാലസോറിലേക്ക് പോകാനാണ് തീരുമാനം.
ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താനായിട്ടാണ് അദ്ദേഹം ബാലസോറിലെത്തുന്നത്. പാസഞ്ചര്‍ ട്രെയിന്‍, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട കോച്ചുകളില്‍ മറ്റൊരു ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. നിരവധി പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്.

'തീര്‍ത്തും ദാരുണമായ ഒരു അപകടമാണ് ഇത്. എന്താണ് സ്ഥിതിഗതികള്‍ എന്ന് പരിശോധിച്ചു. അപകടസ്ഥലം നാളെ രാവിലെ സന്ദര്‍ശിക്കുമെന്നും' പട്‌നായിക്ക് മാധ്യമങ്ങളോട് പറഞ്ഞു. കോറമണ്ഡല്‍ എക്‌സ്പ്രസ്സിലെ പതിനഞ്ചോളം കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു.
അതേസമയം ദേശീയ ദുരന്ത നിവാരണ സേനയും, ഒഡീഷ ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഇവരാണ് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ ഒരു ഗുഡ്‌സ് ട്രെയിനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനാ ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറില്‍ അവസാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുപ്പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നു. പരിക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുമെന്നാണ് സൂചന. മൂന്ന് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍, നാല് ഒഡീഷ ദുരന്ത നിവാരണ സേന യൂണിറ്റുകള്‍, പതിനഞ്ച് അഗ്നിശമന സേനാ ടീമുകള്‍, മുപ്പത് ഡോക്ടര്‍മാര്‍, ഇരുന്നൂറോളം പോലീസുകാര്‍, അറുപത് ആംബുലന്‍സുകള്‍, എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.
കളക്ടറും, ബാലസോര്‍ ഐജിയും, എസ്പിയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ബാലസോറിലെയും, കട്ടക്കിലെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ സജ്ജമായിരിക്കുകയാണ്.
'രക്ഷാപ്രവര്‍ത്താനം ഊര്‍ജിതമായി നടക്കുകയാണ്. എന്‍ഡിആര്‍എഫ് ടീം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നാല് ടീമുകള്‍ ഉടനെ എത്തും. ദൗത്യം പൂര്‍ത്തിയായാല്‍ മൊത്തത്തിലുള്ള ഒരു വിലയിരുത്തല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും' എന്‍ഡിആര്‍എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നരേന്ദ്ര സിംഗ് ബുന്ദേല പറഞ്ഞു.
അതേസമയം റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഒഡീഷ സര്‍ക്കാരുമായി സഹകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും റെയില്‍വേയ്‌ക്കൊപ്പം ചേരുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.












Click it and Unblock the Notifications