മാതാപിതാക്കളുടെ കൊലപാതകത്തിന് സാക്ഷിയായി എഴുവയസുകാരൻ; പ്രതി പിതാവിന്റെ സുഹൃത്ത്
ദില്ലി: ഗുരുഗ്രാമിൽ എഴ് വയസുകാരനായ മകന്റെ കൺമുമ്പിൽവെച്ച് മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. വിക്രം, ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. വിക്രമിന്റെ സുഹൃത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
35കാരനായ വിക്രം സിംഗ് ഭാര്യയോടും മകനോടും ഒപ്പമായിരുന്നു ഗുരുഗ്രാമിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. പ്രതിയായ അഭിനവ് വിക്രമിന്റെ സഹപ്രവർത്തകൻ ആയിരുന്നു. വിദേശത്ത് ജോലി ശരിയാക്കമെന്ന് ഉറപ്പ് നൽകി വിക്രം സിംഗ് അഭിനവിൽ നിന്നും 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ ജോലിക്കാര്യം ശരിയായില്ല. വ്യാഴാഴ്ച വിക്രമിന്റെ വീട്ടിലെത്തിയ അഭിനവ് ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

സംഭവം നടക്കുന്നതിന് മുമ്പ് ഇരുവരും ടെറസിലിരുന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നു. ആദ്യം വിക്രമിനെയും ചെറുക്കാൻ ശ്രമിച്ചപ്പോൾ ജ്യോതിയേയും കുത്തിവീഴ്ത്തുകയായിരുന്നു. വീടിന്റെ ഹാളിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്. ടെറസിലേക്കുള്ള പടികളിലായിരുന്നു വിക്രം സിംഗിന്റെ മൃതദേഹം. ഏഴു വയസുകാരൻ മകന്റെ കൺമുമ്പിൽ വെച്ചാണ് കൊലപാതകം നടന്നത്. കുട്ടിയെ ഇയാൾ ഉപദ്രവിച്ചിട്ടില്ല.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അഭിനവ് മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു. ഇയാൾ രക്ഷപെടാൻ യാതൊരു ശ്രമവും നടത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പോലീസെത്തി അഭിനവിനെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications