ദില്ലി അക്രമ സംഭവം: അഭിഭാഷകന്റെ ഓഫീസിൽ പോലീസ് റെയ്ഡ്, അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടി കോടതി
ദില്ലി: വടക്കുകിഴക്കൻ ദില്ലി കലാപക്കേസുകളിൽ പ്രതികളെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകനായ മെഹ്മൂദ് പ്രാച്ചയുടെ ഓഫീസ് പരിസരത്ത് പോലീസ് നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ കോടതി. മെഹ്മൂദ് പ്രാച്ചയുടെ ഓഫീസിൽ നടത്തിയ റെയ്ഡിന്റെ മുഴുവൻ ദൃശ്യങ്ങളും സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലിൽ നിന്ന് കോടതി റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
തനിക്കെതിരെ വ്യാജ കേസ് ഫയൽ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ദില്ലി പോലീസിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുള്ളത്. ജനുവരി അഞ്ചിന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ദില്ലി അക്രമ സംഭവങ്ങളിൽ ഇരകളായവർക്ക് നീതി ലഭിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പോലീസ് നീങ്ങുന്നതെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്.
പ്രാച്ചയ്‌ക്കെതിരായി നടത്തിയ അന്വേഷണത്തെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇരയുടെ പ്രസ്താവന ഉദ്ധരിച്ച്, കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ തെറ്റായ പ്രസ്താവനകൾ നടത്താൻ ഇരകളെ പരിശീലിപ്പിക്കുകയാണെന്നും പ്രാച്ച ആരോപിച്ചു. ദില്ലി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 80 ഓളം പേരെ പ്രതിനിധീകരിച്ചാണ് പ്രാച്ച കോടതിയിൽ ഹാജരായിട്ടുള്ളത്.
കേസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയത് എന്ത് തരത്തിലുള്ള അന്വേഷണമാണെന്ന് വ്യക്തമാക്കാനും സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. കേസിൽ അടുത്തതായി വാദം കേൾക്കുന്ന ഡിസംബർ 27ന് പ്രാച്ചയുടെ ഓഫീസ് പരിസരത്ത് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമർപ്പിക്കാനും സമർപ്പിച്ചിരുന്നു.
ഡിസംബർ 24 ന് ഉച്ചയ്ക്ക് 12 മുതൽ ഡിസംബർ 25 ന് പുലർച്ചെ 03:00 വരെയുള്ള സമയത്ത് തന്റെ ഓഫീസിൽ ദില്ലി പോലീസ് തിരച്ചിൽ നടത്തിയെന്ന് കാണിച്ച് അഭിഭാഷകൻ പ്രാച്ച കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. പരിശോധന പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവ് അനുസരിച്ച് അതിന്റെ പകർപ്പ് സമർപ്പിക്കാമെന്നും പ്രാച്ച വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും രാജീവ് എന്ന ഉദ്യോഗസ്ഥനും തനിക്കെതിരെ കള്ളക്കേസ് ചമയ്ക്കുമെന്ന് ഭീഷണി മുഴക്കിയെന്നും പ്രാച്ച കോടതിയിൽ വ്യക്തമാക്കി. ഇത് പ്രകാരം കേസ് തുടർച്ചയായി നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.