രാജ്യത്തെ കൊവിഡ് കേസുകൾ ഇരട്ടിയായി; 752 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, നാല് മരണം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 752 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ റിപ്പോർട്ട് ചെയ്‌ത രോഗബാധിതരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയായി ഉയർന്നു എന്നതും ആശങ്കാജനകമാണ്. ഈ കാലയളവിൽ നാല് അനുബന്ധ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഇന്നലെ 328 കൊവിഡ് കേസുകളും ഒരു മരണവുമായിരുന്നു റിപ്പോർട്ട് ചെയ്‌തത്, അതിൽ കേരളത്തിൽ നിന്ന് മാത്രം 265 കേസുകൾ ഉൾപ്പെടുന്നു. ഇവിടെ ഒരു മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇന്ത്യയിൽ ഇന്നത്തെ സജീവ കേസുകളുടെ എണ്ണം 3420 ആണ്. ഇന്നലത്തെ 2997 കേസുകൾക്കൊപ്പം പുതുതായി 423 പേർ കൂടി ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രോഗബാധ ഉയരാൻ കാരണമാകുന്ന പുതിയ വേരിയന്റായ ജെഎൻ വൺ അധികാരികളിലും ആരോഗ്യ വിദഗ്ധരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ വേരിയന്റിന്റെ 21 കേസുകൾ ഇതുവരെ ഗോവയിലും മറ്റൊന്ന് കേരളത്തിലും കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ വലിയൊരു പങ്കും കേരളത്തിൽ നിന്ന് തന്നെയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 565 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2872 ആണ്.
അതേസമയം, ഇന്ത്യയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളെ കുറിച്ച് രണ്ട് പ്രമുഖ ആരോഗ്യ വിദഗ്‌ധരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, കഴിഞ്ഞ ദിവസം കൊവിഡിനെ വെറും ജലദോഷമായി തള്ളിക്കളയുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗുരുതരമായി രോഗബാധിതരായ ആളുകളുടെ കാര്യത്തിൽ മാത്രമല്ല, രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, വർധിച്ച അപകടസാധ്യതകളായ ഹൃദയാഘാതം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് അവർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ ഡോ രാജീവ് ജയദേവനും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.
എന്നാൽ, പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും, ഇന്ത്യയിലെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് കാരണം, അധികം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനിടയില്ലെന്നാണ് ഇരുവരും വിലയിരുത്തുന്നത്. 2020ലെ ആദ്യ തരംഗത്തിലും 2021ലെ മാരകമായ ഡെൽറ്റ തരംഗത്തിലും ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ എങ്ങനെയിരുന്നോ പ്രവർത്തിച്ചിരുന്നത്, ഇപ്പോൾ അതിൽ നിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications