ഫെബ്രുവരിയില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് പഠനം
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകാമെന്ന മുന്നറിയിപ്പുമായി മദ്രാസ് ഐ ഐ ടിയുടെ പഠനം. ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കൊവിഡ് രോഗികള്‍ വലിയ രീതിയില്‍ വര്‍ധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയിലെ കൊവിഡ് ആര്‍ വാല്യൂ അടിസ്ഥാനമാക്കിയാണ് മദ്രാസ് ഗണിതശാസ്ത്ര വകുപ്പും പ്രൊഫ നീലേഷ് എസ് ഉപാധ്യേ, പ്രൊഫ എസ് സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സിനായുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സും സംയുക്തമായാണ് പ്രാഥമിക വിശകലനം നടത്തിയത്.
ഒരു രോഗിയില്‍നിന്ന് എത്രപേര്‍ക്ക് രോഗം പകരുമെന്ന കണക്കാണ് ആര്‍ വാല്യു. ജനുവരി ഒന്നു മുതല്‍ ആറുവരെ രാജ്യത്ത് നാലാണ് ആര്‍ വാല്യു. 2021 ഡിസംബര്‍ ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍ വാല്യു.

നിലവിലെ അവസ്ഥയില്‍ രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നെങ്കിലും ആളുകള്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകുന്നില്ല. പൊതുസ്ഥലങ്ങളില്‍ പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
രോഗം വ്യാപിക്കാനുള്ള സാധ്യത, രോഗം ബാധിക്കാനിടയുള്ള ഇടവേള, സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ആര്‍ വാല്യു കണക്കാക്കുന്നതെന്ന് ഐ ഐ ടി മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ജയന്ത് ഝാ പറയുന്നു.
'ക്വാറന്റൈന്‍ നടപടികളോ നിയന്ത്രണങ്ങളോ വര്‍ധിക്കുന്നതോടെ, കോണ്‍ടാക്റ്റ് നിരക്ക് കുറയു. അങ്ങനെയാണെങ്കില്‍ ആര്‍ വാല്യു കുറയും. എന്നാല്‍ സാമൂഹിക അകലം പാലിക്കാതിരിക്കുന്നതോടെ ഈ നിരക്ക് മാറും, ''അദ്ദേഹം പി ടി ഐയോട് പറഞ്ഞു.
രോഗം ബാധിച്ച പത്ത് പേരില്‍ നിന്ന് എത്ര പേര്‍ക്ക് പകരുമെന്നതാണ് ആര്‍ വാല്യു പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയുക. ആര്‍ വാല്യു ഒന്നാണെങ്കില്‍ ഓരോ 10 പേരില്‍ നിന്നും മറ്റ് 10 പേരിലേക്ക് രോഗം പടരും. ഒന്നില്‍ നിന്ന് കൂടുന്നത് രോഗം വ്യാപനം രൂക്ഷമാകും എന്നതിന്റെ മുന്നറിയിപ്പാണ്.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.












Click it and Unblock the Notifications