21 ദിവസം രാജ്യം പൂർണമായി അടച്ച് പൂട്ടുമ്പോൾ എന്ത് സംഭവിക്കും? ലോക്ക് ഡൗണിനെക്കുറിച്ച് അറിയേണ്ടത്
ദില്ലി: ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂവിനേക്കാള്‍ ഗൗരവമേറിയതാണ് ലോക്ക് ഡൗണ്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ രാജ്യമൊട്ടാകെ കടുത്ത നിയന്ത്രണങ്ങളാണ് വരുന്ന 21 ദിവസങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്നത്. അവശ്യസാധനങ്ങള്‍ ഒഴികെയുളള എല്ലാ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ രാജ്യത്ത് നിരോധിക്കപ്പെടും.
Recommended Video
ലോക്ക് ഡൗണ്‍ കാലത്ത് ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകും എന്നതിന്റെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകും.ഓട്ടോ, ടാക്‌സി എന്നിവ നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുളളൂ. രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. പാര്‍ക്കുകളും തിയറ്ററുകളും റെസ്റ്റോറന്റുകളും അടക്കമുളള പൊതുഇടങ്ങളെല്ലാം അടച്ചിടും.

അതേസമയം ഭക്ഷണ സാധനങ്ങള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മത്സ്യം, മൃഗങ്ങള്‍ക്കുളള തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ തുറന്നിരിക്കും. റേഷന്‍ കടകള്‍ക്കും നിരോധനമില്ല. ബാങ്കുകള്‍, എടിഎമ്മുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവ അടയ്ക്കില്ല.
പത്രം, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. ടെലികമ്മ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റ്, കേബിള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കില്ല. ഓണ്‍ലൈന്‍ വഴിയുളള ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം മുടങ്ങില്ല. പെട്രോള്‍ പമ്പുകള്‍, പാചകവാതകം, പെട്രോളിയം, വില്‍പനയേയും ലോക്ക് ഡൗണ്‍ ബാധിക്കില്ല. വൈദ്യുതി നിലയങ്ങളും വിതരണ കേന്ദ്രങ്ങളും അടക്കില്ല.
ശീതീകരണ ഗോഡൗണുകളും വെയര്‍ഹൗസ് സേവനങ്ങളും തുടരും. സ്വകാര്യ സുരക്ഷാ സേവനങ്ങള്‍ തടസ്സപ്പെടില്ല. അവശ്യസാധനങ്ങളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അടയ്ക്കില്ല. അവശ്യസാധനങ്ങളുടെ ഗതാഗതം, അഗ്നിശമന സേന, നീതിപാലനം പോലുളള അവശ്യ സേവനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ നിലയ്ക്കില്ല. വിനോദസഞ്ചാരികളേയും ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയ ആളുകളേയും പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവയും അടച്ചിടില്ല. മെഡിക്കല്‍ ജീവനക്കാര്‍, വിമാന ജീവനക്കാര്‍, കപ്പല്‍ ജീവനക്കാര്‍, മറ്റ് അവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ലോക്ക് ഡൗണ്‍ ബാധകമല്ല.












Click it and Unblock the Notifications