പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ല; പശുവിന്റെ പേരില്‍ വീണ്ടും അക്രമം; നാലുപേര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

നാഗ്പൂര്‍: പശുവിന്റെ പേരിലുള്ള അക്രമവും കൊലപാതകങ്ങളും പാടില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കിന് വില കല്‍പിക്കാതെ പശുസംരക്ഷണ സേനാംഗങ്ങള്‍ അക്രമം തുടരുന്നു. ഇത്തവണ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഒരു മുസ്ലീം യുവാവിനെ ബീഫ് കൈയ്യില്‍ കരുതിയിട്ടുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.

സംഭവത്തില്‍ അശ്വിന്‍ ഉയ്ക്ക്, ജനാര്‍ദ്ദന്‍ ചൗധരി, രാമേശ്വര്‍, മോറേശ്വര്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഇവരെല്ലാം പ്രഹര്‍ സംഘടനയില്‍ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്മയില്‍ ഷാ എന്ന മുപ്പത്തിരണ്ടുകാരനാണ് മര്‍ദ്ദനത്തിന് ഇരയായത്.

cows

ഇയാള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍വെച്ച് പ്രതികള്‍ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കൈയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ കൈയ്യിലുളളത് മട്ടന്‍ ആണെന്ന് പറഞ്ഞിട്ടും പ്രതികള്‍ അക്രമം തുടര്‍ന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയിലാണ്.

കഴിഞ്ഞയാഴ്ച ദില്ലിയില്‍ ഓടുന്ന ട്രെയിനില്‍വെച്ച് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയത് രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയിരുന്നു. കൈയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ചായിരുന്നു കുത്തിക്കൊലപ്പെടുത്തിയത്. കുട്ടിയുടെ സഹോദരന്മാരെയും അക്രമികള്‍ പരിക്കേല്‍പ്പിച്ചു. ബീഫിന്റെ പേരിലുള്ള അക്രമത്തിനെതിരെ പ്രധാനമന്ത്രി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു സംഭവം.


English summary
Cow vigilantes beat up Muslim man in Nagpur for ‘carrying beef’, 4 arrested
Please Wait while comments are loading...