കുംഭമേളയില്‍ തീര്‍ത്ഥാടകത്തിരക്ക്; സ്‌പെഷ്യല്‍ ട്രെയിനിന്റെ എഞ്ചിന്‍ കാബിനിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍
ലഖ്‌നൗ: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. വാരണാസിയിലേക്കുള്ള സന്ദര്‍ശകരുടെ അസാധാരണമായ കുതിപ്പ് റെയില്‍വേ സ്റ്റേഷനുകളില്‍ അനിയന്ത്രിതമായ തിരക്കിന് കാരണമായി. തീവണ്ടികളില്‍ സീറ്റ് കിട്ടാതെ ആയതോടെ യാത്രക്കാര്‍ എഞ്ചിനിനുള്ളിലേക്ക് വരെ കടന്നിരിക്കുന്ന സാഹചര്യവും ഉടലെടുത്തു. ഉത്തര്‍പ്രദേശിലെ വാരണാസി കാന്റ് റെയില്‍വേ സ്റ്റേഷനില്‍ ആണ് എഞ്ചിന്‍ കാബിനുള്ളിലേക്ക് യാത്രക്കാര്‍ കടന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുറച്ച് യാത്രക്കാര്‍ ട്രെയിന്‍ എഞ്ചിനില്‍ കയറി വാതില്‍ അകത്ത് നിന്ന് പൂട്ടുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച രാത്രി 2 മണിയോടെയാണ് സംഭവം. വാരണാസിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയപ്പോള്‍ ചില യാത്രക്കാര്‍ എഞ്ചിനില്‍ പ്രവേശിച്ച് അകത്ത് നിന്ന് വാതില്‍ അടയ്ക്കുകയായിരുന്നു.

20 ഓളം പുരുഷന്മാരും സ്ത്രീകളും എഞ്ചിന്‍ കാബിനുള്ളില്‍ കയറി ഒരു സാധാരണ കോച്ചിലേതിന് പോലെ ഇരിക്കുന്നതും ആണ് വീഡിയോയില്‍ ഉള്ളത്. അതേസമയം ഗവണ്‍മെന്റ് റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി യാത്രക്കാരെ എഞ്ചിനില്‍ നിന്ന് മാറ്റി. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ എഞ്ചിനിലെ യാത്ര അത്യന്തം അപകടകരമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.
തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റുകളിലേക്ക് മാറ്റി കയറ്റുകയായിരുന്നു. ലക്ഷണക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ തന്നെ വാരണാസി നഗരത്തിലുടനീളം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശസ്തമായ ക്ഷേത്രങ്ങള്‍, ഘട്ടുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കാശിയിലെ 84 ഘട്ടുകള്‍ സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുന്നു.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ട്രെയിനുകളുടെ അനധികൃത സ്ഥലങ്ങളില്‍ കയറി അപകടസാധ്യതകള്‍ ഒഴിവാക്കണമെന്നും റെയില്‍വേ അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം തിരക്ക് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
നഗരത്തിലുടനീളം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ് എന്ന് അഖിലേഷ് യാദവ് പറഞ്ഞു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും സ്തംഭിപ്പിച്ചിരിക്കുന്നു. തീര്‍ഥാടകര്‍ക്ക് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. തിരക്ക് കാരണം പ്രയാഗ്രാജ് സംഗമം റെയില്‍വേ സ്റ്റേഷനും വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications