ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റാകും; കീഴക്കൻ തീരത്ത് ജാഗ്രത നിർദേശം
മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി കര തൊടും
ന്യൂഡൽഹി: അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തി നേടുന്നതിന് മുൻപ് യാസ് ചുഴലിക്കാറ്റും എത്തുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി കര തൊടും.
കനത്ത മഴയും അതിശക്തമായ കാറ്റുമാണ് വരും ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഇപ്പോൾ തന്നെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
വിപുലമായ മുന്നൊരുക്കങ്ങളാണ് യാസ് ചുഴലിക്കാറ്റിനെ നേരിടാൻ ബംഗാൾ, ഒഡീഷ തീരങ്ങളിലെടുത്തിരിക്കുന്നത്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. . ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മെയ് 26 വരെ തെക്കു കിഴക്കൻ - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 23 മുതൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്. 25 മുതൽ കേരളത്തിലും മഴ കനക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications