വീണ്ടും രാജ്യത്ത് ദളിത് വേട്ട; കാലിന് മുകളിൽ കാൽ കയറ്റിവെച്ച് ഇരുന്നെന്ന് ആരോപണം, ക്രൂര മർദ്ദനം!!
മധുര: ദളിത് യുവാവിന് ക്രൂര മർദ്ദനം. കാലിന് മുകളിൽ കാല് കയറ്റി വെച്ച് ഇരുന്നെന്ന് ആരോപിച്ചാണ് 23ന് കാരന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ബിഎസ്‌സി ബോട്ടണി ബിരുദധാരിയായ സുന്ദർ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മധുരയിലെ കൊഡംഗിപട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. സുന്ദറിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ ഏഴിന് വൈകിട്ട് ഏഴ് മണിക്ക് സ്വന്തം വീടിന് മുന്നിൽ മൊബൈൽ ഉപയോഗിച്ച് ഇരിക്കുമ്പോൾ മേൽജാതിക്കാരനായ എം കണ്ണൻ എന്നയാൾ ഇതുവഴി പോയി. ഈ സമയത്ത് സുന്ദർ കാലിന് മുകളിൽ കാൽ കയറ്റിവച്ചായിരുന്നു ഇരുന്നത്. ഇതാണ് സംഭവത്തിന്റെ തുടക്കം. ഇങ്ങിനെ ഇരുന്നതിന് സുന്ദറിനെ കൊലപ്പെടുത്തുമെന്ന് കണ്ണൻ ഭയപ്പെടുത്തിയെങ്കിലും ഇരുന്ന സ്ഥാനത്ത് നിന്ന് മാറാൻ സുന്ദർ തയ്യാറായില്ല.

തുടർന്ന് കണ്ണൻ മകനായ മനോജിനൊപ്പം ആയുധങ്ങളുമായി തിരികെയെത്തി. എന്നാൽ സുന്ദർ അപ്പോഴും ഇരുന്നയിടത്ത് നിന്ന് അനങ്ങാൻ തയ്യാറായില്ല. ഇതിൽ കലിപൂണ്ട കണ്ണനും മനോജും വടി ഉപയോഗിച്ച് സുന്ദറിന്റെ തലക്കടിച്ചു. നിലത്ത് വീണ സുന്ദറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഐപിസി 294 ബി, 324, 506 ഐ എന്നീ വകുപ്പുകളും എസ്എസി-എസ്എസി അതിക്രമ നിരോധന ഭേദഗതി നിയമത്തിലെ 3(1)(r), 3(1)(s), 3(2)(va) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications