കൊവിൻ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
കൊവിൻ ആപ്പിൽ നൽകിയ വ്യക്തി വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സർക്കാരിന്റെ സൈബർ സെക്യൂരിറ്റി വിഭാഗമായ എമർജെൻസി റെസ്പോൺസ് ടീം ആണ് അന്വേഷണം നടത്തുക. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികൾ ശക്തമാക്കിയിരുന്നു.
കൊവിൻ ആപ്പിൽ നൽകിയ ഫോൺ, ആധാർ, പാസ്പോർട്ട്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ്, വാക്സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ടെലിഗ്രോം ബോട്ടിലൂടെ ചോർന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ മുഴുവന്‍ വിവരങ്ങളും ഈ ബോട്ടിൽ നിന്നും ലഭ്യമാകും. കൊവിൻ പോർട്ടലിൽ ഫോൺ നമ്പറും ഒടിപിയും നൽകിയാൽ മാത്രം ലഭിക്കുന്ന ഈ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

അതിനിടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തത്തി. 'കൊവിഡ്-19 വാക്സിനേഷൻ എടുത്ത ഓരോ ഇന്ത്യക്കാരന്റെയും വ്യക്തിഗത വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണെന്നും പൗരൻമാരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് വാദിക്കുന്ന മോദി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ ചോർന്നതെന്നും തൃണമൂൽ നേതാവ് സാകേത് ഗോകലെ ചോദിച്ചു.
രാജ്യസഭാ എംപി ഡെറക് ഒബ്രിയൻ, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, കെസി വേണുഗോപാൽ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ്, ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങി പ്രമുഖർ അടക്കമുള്ളവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും ഗോകലെ ചൂണ്ടിക്കാട്ടി.
'എന്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഈ ചോർച്ചയെക്കുറിച്ച് അറിയാതിരുന്നത്, ഡാറ്റാ ലംഘനത്തെക്കുറിച്ച് എന്തുകൊണ്ട് രാജ്യത്തെ പൗരൻമാരെ അറിയിച്ചില്ല?, വിഷയത്തിൽ ഗുരുതര വീഴ്ചയാണ് കേന്ദ്രസർക്കാരിന് ഉണ്ടായിരിക്കുന്നത്', ഗോകലെ കുറ്റപ്പെടുത്തി. ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെതിരേയും ഗോകലെ രംഗത്തെത്തി. മന്ത്രിയുടെ കഴിവില്ലായ്മ എത്ര കാലം മോദി സർക്കാർ സഹിക്കുമെന്ന് ഗോകലെ ചോദിച്ചു.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം, എൻ സി പി നേതാവ് സുപ്രിയ സുലെ തുടങ്ങിയ നേതാക്കളും വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രിച്ചു. സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications