ഡല്‍ഹി ഭരണം കളംമാറിയവര്‍ തീരുമാനിക്കും; അന്ന് എഎപി, ഇന്ന് ബിജെപി, കോണ്‍ഗ്രസിലും ചിലര്‍
ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മല്‍സരമാണ് ഇത്തവണ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. എഎപി, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വീറോടെ പ്രചാരണം തുടരുകയാണ്. ഇന്ത്യ സഖ്യം എന്ന ലേബലില്‍ ഡല്‍ഹിയില്‍ ബിജെപിക്കെതിരെ ഐക്യനിര ഇല്ല എന്നതും എടുത്തു പറയണം. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ പോളിങ്. എട്ടിന് വോട്ടെണ്ണും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായ കൂറുമാറ്റം ഡല്‍ഹിയില്‍ നടന്നിരുന്നു. കളംമാറിയ പലരും എതിര്‍ ചേരികളിലെത്തി സ്ഥാനാര്‍ഥികളായി മല്‍സര രംഗത്തുണ്ട്. നിരവധി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഇത്തവണ എഎപി ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്. എഎപിയിലുണ്ടായിരുന്നവര്‍ ബിജെപി ടിക്കറ്റിലും മല്‍സരിക്കുന്നു. കോണ്‍ഗ്രസിലെത്തി മല്‍സര രംഗം കൊഴുപ്പിക്കുന്നവരും ഏറെയാണ്...

മല്‍സരിക്കാന്‍ ടിക്കറ്റ് കിട്ടില്ലെന്ന് ബോധ്യമായതോടെ നിരവധി ബിജെപി നേതാക്കള്‍ അടുത്തിടെ എഎപിയില്‍ ചേര്‍ന്നിരുന്നു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളാണ് പര്‍വേശ് രത്തന്‍. പട്ടേല്‍ നഗര്‍ സംവരണ മണ്ഡലത്തില്‍ ഇത്തവണ പര്‍വേശ് ജനവിധി തേടുന്നുണ്ട്. മുന്‍ മന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ രാജ് കുമാര്‍ ആനന്ദ് ആണ് മുഖ്യ എതിരാളി.
2020ലും പര്‍വേശ് പട്ടേലും രാജ് കുമാറും എതിര്‍ സ്ഥാനാര്‍ഥികളായിരുന്നു. രാജ് കുമാര്‍ എഎപിക്ക് വേണ്ടിയും പര്‍വേശ് ബിജെപിക്ക് വേണ്ടിയുമാണ് അന്ന് മല്‍സരിച്ചിരുന്നത്. ബിജെപി നേതാക്കളായ ജിതേന്ദര്‍ സിങ് ഷണ്‍ഡി, സുരീന്ദര്‍ പാല്‍ ബിട്ടു, ബ്രാം സിങ് തന്‍വര്‍, ബിബി ത്യാഗി, അനില്‍ ഝാ എന്നിവര്‍ അടുത്തിടെയാണ് രാജിവച്ച് എഎപിയില്‍ ചേര്‍ന്നത്. അഞ്ച് പേരും എഎപി സ്ഥാനാര്‍ഥികളായി.
ലക്ഷ്മി നഗര്‍ മണ്ഡലത്തിലാണ് ത്യാഗി ജനവിധി തേടുന്നത്. ഝാ കിരാരിയിലും തന്‍വര്‍ ഛത്തര്‍പൂരിലും. 2020ല്‍ തന്‍വറിനെ പരാജയപ്പെടുത്തിയ കര്‍ത്താര്‍ സിങ് ഇപ്പോള്‍ ബിജെപിയിലാണ്. ഛത്തര്‍പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. അനില്‍ ഝായെ 2020ല്‍ പരാജയപ്പെടുത്തിയ എഎപി സ്ഥാനാര്‍ഥി റിതുരാജ് ഝാ ആയിരുന്നു. റിതുരാജിന് ടിക്കറ്റ് കൊടുക്കാതെ എഎപി ഇത്തവണ അനില്‍ ഝായെ ആണ് മല്‍സരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് വിട്ട് വന്ന വീര്‍ സിങ് ധിന്‍ഗന്‍, സുമേഷ് ഷുക്കീന്‍, സുബൈര്‍ അഹമ്മദ് എന്നിവര്‍ക്കും എഎപി ടിക്കറ്റ് കൊടുത്തിട്ടുണ്ട്. ഡല്‍ഹി കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് അരവിന്ദര്‍ സിങ് ലൗലി, മുന്‍ എഎപി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് എന്നിവരെ ബിജെപി ഇത്തവണ കളത്തിലിറക്കി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ രാജ്കുമാര്‍ ചൗഹാന്‍, നീരജ് ബസോയ, തന്‍വീന്ദര്‍ മര്‍വ എന്നിവരെയും ബിജെപി മല്‍സരിപ്പിക്കുന്നു.
എഎപി എംഎല്‍എമാരായിരുന്ന ധരംപാല്‍ ലക്ര, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. എഎപി കൗണ്‍സിലറായിരുന്ന രാജേഷ് ഗുപ്തയും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. റഹ്മാന്‍ സീലംപൂര്‍ മണ്ഡലത്തിലാണ് മല്‍സരിക്കുന്നത്. മുന്‍ എഎപി എംഎല്‍എമാരായിരുന്ന ദേവേന്ദര്‍ ഷെഖാവത്ത്, ഹാജി ഇഷ്‌റാഖ് എന്നിവരും നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.












Click it and Unblock the Notifications