ദില്ലി പിടിക്കാന്‍ വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്; 10000 രൂപ ഷീല പെന്‍ഷന്‍, സിഎഎ നടപ്പാക്കില്ല
തിരുവനന്തപുരം: ഫെബ്രുവരി എട്ടിന് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പൂജ്യത്തില്‍ നിന്നുള്ള കുതിപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഭരണം നിലനിര്‍ത്താന്‍ എഎപിയും പിടിക്കാന്‍ ബിജെപിയും ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസിന് ജനപ്രീതി വര്‍ധിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് ഹൈക്കമാന്റ്.
ആം ആദ്മിയുമായി സഖ്യം ചേരില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ദില്ലി ഭരണം പിടിക്കാന്‍ മതിയായ ശക്തി തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ ദില്ലി ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ, പാര്‍ട്ടി ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്ന വാഗ്ദാനങ്ങളും എടുത്തുപറയുന്നു. കേരളകൗമുദി ഫ്‌ളാഷിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്...

ഒറ്റയ്ക്ക് ഭൂരിപക്ഷം
കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പിസി ചാക്കോ പറയുന്നത്. എഎപിയുമായി സഖ്യമുണ്ടാക്കില്ല. ദില്ലിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുമ്പാകെ പറയുന്നു.

കോണ്‍ഗ്രസിന് വോട്ട് കൂടി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിച്ചത്. അന്ന് എഎപി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്നാക്കം നില്‍ക്കുകയായിരുന്നു. സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും വോട്ടുകള്‍ കൂടിയത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുവെന്ന് പിസി ചാക്കോ പറയുന്നു.

സ്ഥാനാര്‍ഥികള്‍ 14ന്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഈ മാസം 14ന് പ്രഖ്യാപിക്കും. അന്നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന അന്തിമ ജോലികളിലാണ് ദില്ലി കോണ്‍ഗ്രസ് നേതാക്കള്‍. ഹൈക്കമാന്റാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

എല്ലാ ഘടകങ്ങളും സജീവം
ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായത് കേന്ദ്രനേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ മാസം 12ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കും. ഷീല പെന്‍ഷന്‍ യോജനയാണ് ഇതില്‍ എടുത്തുപറയേണ്ട വാഗ്ദാനം.

കുടുംബത്തിന് പെന്‍ഷന്‍ 10000 രൂപ വരെ
വൃദ്ധരായവര്‍ക്കാണ് ഷീല പെന്‍ഷന്‍ യോജന നല്‍കുക. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ വാര്‍ധക്യ പെന്‍ഷന്‍ 1000 രൂപ വീതം നല്‍കിയിരുന്നു. ഇത് 5000 രൂപയാക്കാനാണ് തീരുമാനം. ഒരു വീട്ടില്‍ 10000 രൂപയെങ്കിലും ഷീന പെന്‍ഷന്‍ യോജന വഴി എത്തുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

സുപ്രധാന പ്രഖ്യാപനങ്ങള്‍
തൊഴിലില്ലായ്മ വേതനം ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് കരുതുന്നത്. എഎപി സര്‍ക്കാരിന്റെ പല പദ്ധതികളും പൂര്‍ണമായി ജനങ്ങളിലെത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിന് വേണ്ട പ്രഖ്യാപനം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ടാകും.

ബിജെപി കരുതുന്നത്
ത്രികോണ മല്‍സരത്തിനാണ് ദില്ലി ഒരുങ്ങുന്നത്. ഇത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ബിജെപി കരുതുന്നു. മതനിരപേക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും എഎപിക്കുമിടയില്‍ ഭിന്നിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷിലാ ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുകയാണ് ചെയ്തത്. ഷില ദീക്ഷിതിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

വിമര്‍ശനം ഇങ്ങനെ
എടുത്തുപറയാന്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് നേതാക്കളില്ലാത്തത് തിരിച്ചടിയാകുമെന്നാണ് ആക്ഷേപം. എന്നാല്‍ ഇക്കാര്യം പിസി ചാക്കോ തള്ളുന്നു. കോണ്‍ഗ്രസ് നേതാക്കള അല്ല പാര്‍ട്ടിയെയും പാര്‍ട്ടി ചിഹ്നത്തെയുമാണ് ഉയര്‍ത്തിക്കാട്ടുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എഎപി സര്‍ക്കാര്‍ പരാജയം
എഎപി സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാ ജനങ്ങളിലേക്കും എത്തിയിട്ടില്ലെന്ന് പിസി ചാക്കോ ആരോപിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. അന്തരീക്ഷ മലിനീകരണം, ശുദ്ധജല വിതരണത്തിലെ അപര്യാപ്തത എന്നിവയില്‍ എഎപി സര്‍ക്കാര്‍ പരാജയമാണെന്നും പിസി ചാക്കോ പറയുന്നു.

ഫെബ്രുവരി എട്ടിന്
ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം ഫെബ്രുവരി 11ന്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഫെബ്രുവരി 22നാണ്.അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ദില്ലി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. നിലവില്‍ 62 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്. ബിജെപിക്ക് നാല് സീറ്റുണ്ട്. നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ഒരംഗം പോലുമില്ലാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന് ഒരംഗം പോലും നിലവിലെ സഭയില്‍ ഇല്ല. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്. 70 മണ്ഡലങ്ങളിലേക്കു ഒറ്റഘട്ടമായിട്ടാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വേണ്ടി 90000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു.












Click it and Unblock the Notifications