ഡല്‍ഹി പിടിക്കാനുറച്ച് ബിജെപി: ദളിത് വോട്ടുറപ്പിക്കാന്‍ തീവ്ര ശ്രമം; സ്ഥാനാർത്ഥികളായി 14 ദളിത് നേതാക്കള്‍
ഡല്‍ഹി: അടുത്തമാസം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്തെ അധികാരം പിടിക്കാനായി സർവ്വ തന്ത്രങ്ങളും പയറ്റുകയാണ് ബി ജെ പി. മുന്‍ വർഷങ്ങളില്‍ നിയമസഭ പോരില്‍ എ എ പിയോടേറ്റ പരാജയം മറികടക്കാനായി സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം അതീവ ശ്രദ്ധയാണ് ബി ജെ പി ഇത്തവണ ഡല്‍ഹിയില്‍ പുലർത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ദളിത് വോട്ടുകള്‍ വലിയ തോതില്‍ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസിനെയും എ എ പിയെയും അപേക്ഷിച്ച് കൂടുതൽ ദളിത് സ്ഥാനാർത്ഥികളെ ബി ജെ പി ഇത്തവണ മത്സരിപ്പിക്കുന്നു.
ഡൽഹിയിൽ 12 സീറ്റുകളാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ആകെയുള്ള 60 സീറ്റുകളില്‍ ബി ജെ പി 14 ദളിത് സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. രണ്ട് ജനറല്‍ സീറ്റുകളിലും പാർട്ടി ദളിത് നേതാക്കള്‍ക്ക് സ്ഥാനാർത്ഥിത്വം നല്‍കി. അതേസമയം മറുവശത്ത് കോൺഗ്രസ് നിരയില്‍ നിന്നും 13 ദളിത് നേതാക്കളാണ് മത്സരിക്കുന്നത്. പൊതുവേ, മിക്ക പ്രമുഖ പാർട്ടികളും ദളിത് സ്ഥാനാർത്ഥികളെ സംവരണ മണ്ഡലങ്ങളിൽ നിന്ന് മാത്രമാണ് മത്സരിപ്പിക്കാറുള്ളത്. പക്ഷെ ഇതിന് വ്യത്യസ്തമായി സംവരണ മണ്ഡലങ്ങള്‍ക്ക് പുറത്തുള്ള സീറ്റുകളിലും ദളിത് നേതാക്കളെ മത്സരിപ്പിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും തയ്യാറാകുകയായിരുന്നു.

മാറ്റിയ മഹലിൽ നിന്നുള്ള ദീപ്തി ഇൻഡോറയും ബല്ലിമാരനിൽ നിന്നുള്ള കമൽ ബാഗ്രിയുമാണ് ബി ജെ പി ജനറൽ സീറ്റുകളിൽ നിന്ന് ടിക്കറ്റ് നൽകിയ ദളിത് സ്ഥാനാർത്ഥികൾ. കോൺഗ്രസിൽ നിന്ന് അരുണ കുമാരി സംവരണേതര സീറ്റായ നരേലയിൽ നിന്നും മത്സരിക്കുന്നു. 2022-ലെ എം സി ഡി തിരഞ്ഞെടുപ്പിൽ ഡൽഹി ഗേറ്റ് വാർഡിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി ദീപ്തി ഇൻഡോറ മത്സരിച്ചിരുന്നെങ്കിലും എ എ പിയുടെ കിരൺ ബാലയോട് 1700-ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. അതേസമയം ബല്ലിമാരന്‍ മണ്ഡലത്തിന്റെ ഭാഗമായ രാം നഗർ വാർഡിൽ നിന്നുള്ള സിറ്റിംഗ് കൗൺസിലറാണ് ബാഗ്രി. എം സി ഡി തിരഞ്ഞെടുപ്പില്‍ 2300 ലധികം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ മികച്ച വിജയം നേടാനായെങ്കിലും ദളിത് വിഭാഗത്തിന്റെ പിന്തുണയില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെന്നും ബി ജെ പി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തവണ അവർ കൂടുതല്‍ ദളിത് നേതാക്കളെ രംഗത്ത് ഇറക്കിയിരിക്കുന്നത്. അതേസമയം ജനപ്രീതിയും വിജയ സാധ്യതയും കണക്കിലെടുത്ത് മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്നാണ് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നത്.
'കൗൺസിലർമാരായി പ്രവർത്തിച്ചതിൻ്റെയും പ്രാദേശിക വികസന പദ്ധതികൾ നടപ്പിലാക്കിയതിൻ്റെയും പേരിൽ ദീപ്തിജിയും കമൽജിയും അവർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഏറെ ജനപ്രീതിയുള്ളവരാണ്. ഒരു തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമ്പോള്‍ അവരുടെ ജാതിയേക്കള്‍ പ്രധാനം വിജയ സാധ്യതതയും സ്ഥാനാർത്ഥികളുടെ കാര്യക്ഷമതയുമാണ്' മുതിർന്ന ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications