ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; നിർണായക പ്രഖ്യാപനവുമായി കെജ്രിവാൾ, സൗജന്യ വൈദ്യുതി ഈ വിഭാഗത്തിനും
ന്യൂഡൽഹി: അടുത്ത മാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുൻ മുഖ്യമന്ത്രിയും എഎപി തലവനുമായ അരവിന്ദ് കെജ്രിവാൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിൽ വാടകയ്ക്ക് കഴിയുന്നവർക്ക് സൗജന്യമായി വൈദ്യുതിയും വെള്ളവും നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.
'ഡൽഹി നിവാസികൾക്ക് ഞങ്ങൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ആനുകൂല്യങ്ങൾ വാടകക്കാർക്ക് ലഭിക്കുന്നില്ല എന്നത് ഖേദകരമാണ്. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങളുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, വാടകക്കാർക്ക് സൗജന്യമായി വൈദ്യുതിയും വെള്ളവും നൽകുന്ന പദ്ധതി ഞങ്ങൾ കൊണ്ടുവരുമെന്ന് ഇന്ന് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' അർവിന്ദ് കെജ്രിവാൾ പറയുന്നു.

'ഡൽഹിയിലെ ഭൂരിഭാഗം വാടകക്കാരും പൂർവാഞ്ചലിൽ നിന്നുള്ളവരാണ്, അവരിൽ പലരും വളരെ ദരിദ്രരുമാണ്. അവർക്ക് സബ്‌സിഡി ലഭിക്കാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഇത് പരിഹരിക്കാൻ, ഞങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ വാടകക്കാർക്ക് സൗജന്യ വൈദ്യുതിയും വെള്ളവും നൽകുക തന്നെ ചെയ്യും' അദ്ദേഹം അറിയിച്ചു.
ഡൽഹി നിവാസികൾക്ക് നിലവിൽ ഈ ആനുകൂല്യങ്ങൾ സൗജന്യമായി ലഭിക്കുന്നുണ്ട്. എന്നാൽ വാടകക്കാർ കൂടി ലക്ഷ്യമിട്ട് കൊണ്ടാണ് എഎപിയുടെ പുതിയ പ്രഖ്യാപനം. രാജ്യതലസ്ഥാനത്തെ വലിയൊരു വിഭാഗം തന്നെയാണ് അവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രഖ്യാപനം വരുമ്പോൾ മറ്റ് പാർട്ടികളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നേരത്തെ പ്രകടന പത്രികയിൽ വമ്പൻ വാഗ്‌ദാനങ്ങളാണ് എഎപി നൽകിയിരിക്കുന്നത്. വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇതിൽ ഏറെയും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിലെ വനിതാ വോട്ടർമാർക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2100 രൂപയായി ഇരട്ടിയാക്കുമെന്ന വാഗ്‌ദാനമാണ് പാർട്ടി പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ടത്.
സഞ്ജീവനി യോജനയ്ക്ക് കീഴിൽ 60 വയസിന് മുകളിലുള്ള താമസക്കാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും പാർട്ടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രകാരം പുരോഹിതർക്കും ഗുരുദ്വാരയുടെ നടത്തിപ്പുകാർക്കും പ്രതിമാസം 18,000 രൂപ ഓണറേറിയവും ആം ആദ്‌മി പാർട്ടി ഇക്കുറി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
മൂന്നാം തവണയും ഡൽഹിയിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എഎപി. അരവിന്ദ് കെജ്രിവാൾ തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാർത്ഥി. കോൺഗ്രസും ബിജെപിയും കടുത്ത വെല്ലുവിളിയുമായി ഒപ്പത്തിനൊപ്പം തന്നെയുണ്ട്. മൂന്ന് പാർട്ടികളും വനിതാ വോട്ടർമാരെ സ്വാധീനിക്കുക എന്ന കാര്യത്തിനാണ് പ്രധാന്യം നൽകിയിരിക്കുന്നത്.












Click it and Unblock the Notifications