മഹാരാഷ്ട്ര ട്വിസ്റ്റിന് പിന്നിലെ 'താക്കോല്‍'; അജിത് പവാറിനെ ബിജെപിയിലെത്തിച്ചത് ഈ എന്‍സിപി എംഎല്‍എ
മുംബൈ: ഇരുട്ടി വെളുക്കും മുന്‍പാണ് മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി നടന്നത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം കുറിച്ച് മടങ്ങിയ നേതാക്കള്‍ ശനിയാഴ്ച ഉണര്‍ന്ന് എന്‍സിപിയുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയെന്ന വാര്‍ത്ത കേട്ടാണ്.
ശരദ് പവാറിന്‍റെ സഹോദര പുത്രനും എന്‍സിപിയിലെ രണ്ടാമനുമായ അജിത് പവാര്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ജാതകം മാറ്റിയെഴുതിയ തിരക്കഥ തിരയുകയാണ് മാധ്യമങ്ങള്‍. അതില്‍ പ്രധാന റോള്‍ വഹിച്ചതാകട്ടെ ധനഞ്ജയ് മുണ്ഡെയെന്ന എന്‍സിപി എംഎല്‍എയും. വിശദാംശങ്ങളിലേക്ക്

നിര്‍ണായക നീക്കം
എല്ലാ കണക്ക് കൂട്ടലുകളേയും തകിടം മറിച്ചാണ് ഒരു ചെറു സൂചനയ്ക്ക് പോലും ഇടം നല്‍കാതെ മഹാരാഷ്ട്രയില്‍ അജിത് പവാറിന്‍റെ കൂടി പിന്തുണയോടെ ബിജെപി രാഷ്ട്രീയ അട്ടിമറി നടത്തിയത്. അധികാര കസേര സ്വപ്നം കണ്ട കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും ശിവസേനയിലും നേതാക്കളെ അമ്പരപ്പിച്ച് കൊണ്ട് ശനിയാഴ്ച പുലര്‍ച്ചെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രി സഭയില്‍ അജിത് പവാര്‍ ഉപമുഖ്യനായി സത്യപ്രതിജ്ഞ ചെയ്തു.

പിന്നില്‍ പ്രവര്‍ത്തിച്ചത്
സൂര്യനുദിച്ചപ്പോഴേക്കും നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ ബിജെപിയൊരുക്കിയ തിരക്കഥയുടെ വേര് തേടുകയാണ് ദേശീയ രാഷ്ട്രീയം. ഒരു ലക്ഷം കോടിയുടെ അഴിമതി ആരോപണത്തില്‍ വിറച്ച് നിന്ന് അജിത് പവാറിന് ബിജെപിക്ക് മുന്നിലേക്ക് എത്തിച്ചത് അജിത് പവാറിന്‍റെ അടുത്ത അനുയായിയും മുന്‍ ബിജെപി നേതാവുമായ ധനഞ്ജയ് മുണ്ഡെയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

എന്‍സിപിയില്‍ എത്തി
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സിഎം ഗോപിനാഥ് മുണ്ഡെയുടെ മരുമകനാണ് ധനഞ്ജയ് മുണ്ഡെ. മുന്‍പ് ബിജെപിക്കൊപ്പമായിരുന്ന മുണ്ഡെ. ഈ നിയസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയുമായി ഇടഞ്ഞ് മറുകണ്ടം ചാടി മുണ്ഡെ എന്‍സിപിയില്‍ എത്തിയത്.

എംഎല്‍എയായി
ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജയെ പാര്‍ലിയില്‍ മത്സരിപ്പിക്കാനുള്ള തിരുമാനത്തോടെയാണ് ബിജെപിയുമായി ധനഞ്ജയ് ഇടഞ്ഞത്. പിന്നീട് എന്‍സിപി ടിക്കറ്റില്‍ പാര്‍ലിയില്‍ മത്സരിച്ച ധനഞ്ജയ് പങ്കജയെ പരാജയപ്പെടുത്തി പര്‍ലിയില്‍ എംഎല്‍എയായി.

മുണ്ഡേയുടെ വസതിയില്‍
അധികാരത്തിലേറാനുള്ള നിര്‍ണായക നീക്കത്തില്‍ ബിജെപിയുടെ മുന്നിലേക്ക് അജിതിനെ എത്തിച്ചതിന് പിന്നില്‍ ധനഞ്ജയിക്ക് പങ്കുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അജിതിനൊപ്പം പങ്കെടുത്ത അഞ്ച് എന്‍സിപി എംഎല്‍എമാരോടും ആദ്യം ആവശ്യപ്പെട്ടത് മുണ്ഡേയെുടെ വസതിയില്‍ എത്താനായിരുന്നു.

സത്യപ്രതിജ്ഞയ്ക്കായി
രാവിലെ 7 മണിക്ക് അവിടെയെത്തിച്ച നേതാക്കളെ പിന്നീട് 7.50 ഓടെ സത്യപ്രതിജ്ഞയ്ക്കായി ഗവര്‍ണറുടെ വസതിയില്‍ എത്തിക്കുകയായിരുന്നത്രേ. അതേസമയം ബിജെപി നീക്കത്തിന് ചുക്കാന്‍ പിടിച്ചിട്ടും അവസാന നിമിഷം മലക്കം മറിഞ്ഞ് ധനഞ്ജയും ശരദ് പവാര്‍ പക്ഷത്തേക്ക് എത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്.

ശരദ് പവാര്‍ പക്ഷത്തേക്ക്
ശനിയാഴ്ച വിളിച്ച് ചേര്‍ത്ത എന്‍സിപി എംഎല്‍എമാരുടെ യോഗത്തിലാണ് ധനഞ്ജയ് മുണ്ഡെ പങ്കെടുത്തത്.
അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ പുരോഗമിക്കവെ അജിത് പവാര്‍ പക്ഷത്തുള്ള മറ്റൊരു എംഎല്‍എ കൂടി ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങിയെത്തി.

അജിത് പവാറിനൊപ്പം
എന്‍സിപിയുടെ യോഗത്തില്‍ ശനിയാഴ്ച പങ്കെടുക്കാതിരുന്ന ബാബന്‍ ഷിന്‍ഡെയാണ് ഇന്ന് രാവിലെ ശരദ് പവാറിന്‍റെ വസതിയിലെത്തി പിന്തുണ അറിയിച്ചത്. ഇതോടെ 54 ല്‍ 49 പേര്‍ ഒപ്പമുണ്ടെന്ന് എന്‍സിപി അവകാശപ്പെട്ടു. മൂന്ന് പേര്‍ ഇപ്പോഴും അജിത് പവാറിന് ഒപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹോദരനെ വിളിച്ച് സുപ്രിയ
കൂടുതല്‍ എംഎല്‍എമാര്‍ മടങ്ങിയെത്തിയതോടെ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ എന്‍സിപി ശക്തമാക്കി. ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ അജിത് പവാറിന്‍റെ സഹോദരനെ വിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍സിപിയിലേക്ക് മടങ്ങാന്‍
ഉപമുഖ്യമന്ത്രി പദം രാജിവെച്ച് എന്‍സിപിയിലേക്ക് മടങ്ങാന്‍ കുടുംബം അജിതിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മുന്‍പ് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

നാളെ നിര്‍ണായകം
ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നല്‍കിയ കത്ത്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് എന്നിവ സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയ കോടതി നാളെ കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications