കർണാടകയില്‍ ഡികെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? അന്നത്തെ ധാരണ വെളിപ്പെടുത്തി എംഎല്‍എ
കർണാടകയില്‍ വീണ്ടും നേതൃമാറ്റ ചർച്ചകള്‍. ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാർ ഉടന്‍ തന്നെ മുഖ്യമന്ത്രി കസേരയിലേക് എത്തുമെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ തുറന്ന് പറച്ചിലോടെയാണ് നേതൃമാറ്റ ചർച്ചകള്‍ക്ക് വീണ്ടും ശക്തിയാർജ്ജിച്ചത്. സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നയുടനെ ഹൈക്കമാൻഡ് തലത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം, സിദ്ധരാമയ്യയ്ക്ക് പകരം ഡികെ ശിവകുമാർ ഉടന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു രാമനഗരയില്‍ നിന്നുള്ള കോൺഗ്രസ് എം എൽ എ ഇക്ബാൽ ഹുസൈന്റെ തുറന്ന് പറച്ചില്‍.
"അന്ന് ന്യൂഡൽഹിയിൽ തീരുമാനമെടുത്തപ്പോൾ, ശിവകുമാറിനൊപ്പം ഞാനും ഉണ്ടായിരുന്നു.സിദ്ധരാമയ്യ രണ്ടര വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കുന്നതോടെ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും എന്നായിരുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ ഐ സി സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരാണ് നേതൃമാറ്റത്തെക്കുറിച്ച് തീരുമാനിച്ചത്," ഇക്ബാൽ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കമാൻഡ് ശിവകുമാറിന് ശരിയായ സമയത്ത് അവസരം നൽകുന്നതിനാൽ ഞങ്ങൾ ഒരു ഊഹാപോഹത്തിലും വിശ്വസിക്കുന്നില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ എല്ലാം തീരുമാനിക്കും. ഞങ്ങള്‍ പ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. 2023-ലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ശിവകുമാറിന്റെ തന്ത്രങ്ങളും പരിശ്രമവും നിർണായകമായിരുന്നു. അത് പാർട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ചുവെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് നേതൃമാറ്റത്തെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഞായറാഴ്ച സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഡി കെ ശിവകുമാറിന്റെ അടുപ്പക്കാരനായ എം എല്‍ എയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. "രാഷ്ട്രീയത്തിൽ മാറ്റം സ്വാഭാവികമാണ്. കോൺഗ്രസിൽ അച്ചടക്കവും പ്രതിബദ്ധതയും പ്രതിഫലമായി ലഭിക്കുന്നതിനാൽ അർഹരായവർക്ക് അധികാരം ലഭിക്കും. സർക്കാരിൽ അധികാര കേന്ദ്രങ്ങളില്ല, ഹൈക്കമാൻഡ് എല്ലാ വിഭാഗത്തിലുള്ളവരേയും ഒരുപോലെ പരിഗണിക്കുന്നു," എന്നായിരുന്നു സെപ്റ്റംബറിന് ശേഷം സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിപ്ലവം ഉണ്ടാകുമെന്ന സഹകരണ മന്ത്രി കെ.എൻ. രാജണ്ണയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് യതീന്ദ്ര പറഞ്ഞത്.
69 ലക്ഷം രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ സിദ്ധരാമയ്യ നേരിടുന്ന ആരോപണങ്ങളും, പാർട്ടിക്കുള്ളിലെ ഭിന്നതകളും നേതൃമാറ്റത്തിന്റെ സൂചന നല്‍കുന്നതായി രാഷ്ട്രീയ വൃത്തങ്ങളും വ്യക്തമാക്കുന്നു.












Click it and Unblock the Notifications