കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറും കോടതിയും ഇടപെട്ടു; തമിഴ്‌നാട്ടിലെ വിശ്വാസവോട്ടെടുപ്പ് തുലാസില്‍!! പളനിസ്വാമി പെടും

സഭയിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയാണ് വിഷയം കോടതിയിലെത്തിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. സഭയിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയാണ് വിഷയം കോടതിയിലെത്തിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ അഴിമതിക്കേസില്‍ ജയിലിലേക്ക് പോവുന്നതിന് തൊട്ടുമുമ്പ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഗവര്‍ണര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിളിച്ചതും.

പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ്

ശനിയാഴ്ച നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷമായ ഡിഎംകെയുടെ അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത് ശരിയോ?

122 വോട്ടുകള്‍ നേടിയാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. സഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെയുടെ 88 അംഗങ്ങളെ സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സഭയിലെ നിയമവിരുദ്ധ നടപടികള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ വിമതനുമായ ഒ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന 11 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. വിശ്വാസവോട്ടെടുപ്പ് പ്രമേയം സഭയില്‍ രണ്ടുതവണ അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു.

സഭയില്‍ സംഭവിച്ചത്

സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണെന്ന് പ്രഖ്യാപിച്ച ഉടനെ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രഹസ്യബാലറ്റ് നടത്തണമെന്നായിരുന്നു ഡിഎംകെ, കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ വിമതര്‍ തുടങ്ങിയവരെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം സ്പീക്കര്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷമുണ്ടായത്.

മൊത്തം അടിച്ചുതകര്‍ത്തു

കസേരകള്‍ തകര്‍ക്കുകയും മേശകള്‍ മറിച്ചിടുകയും ചെയ്ത എംഎല്‍എമാര്‍ സ്പീക്കറുമായുള്ള പിടിവലിയില്‍ അദ്ദേഹത്തിന്റെ കുപ്പായം കീറുകയും ചെയ്തു. ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ വസ്ത്രങ്ങളും കീറിയിരുന്നു. തുടര്‍ന്നാണ് ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത്. പ്രതിപക്ഷമില്ലാതെ നടന്ന വോട്ടെടുപ്പ് സ്വീകരിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു. സംഘര്‍ഷത്തിനിടെ ഡിഎംകെ അംഗം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യമെല്ലാം ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ ഡിഎംകെ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് വിവരം.

ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു റിപോര്‍ട്ട് തേടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടത്.

സ്റ്റാലിന്‍ പറയുന്നത്

സഭയില്‍ പോലീസിനെ വിന്യസിച്ച് യുദ്ധസമാന സാഹചര്യമുണ്ടാക്കി, വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമായ ആവശ്യം പരിഗണിച്ചില്ല, തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അനാവശ്യമായി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍.

English summary
The action-packed trust vote in the Tamil Nadu assembly that Chief Minister Edappadi Palaniswami won after hours of drama has been challenged by the opposition DMK. Its request to cancel the vote is likely to be heard by the Madras High Court tomorrow. Governor C Vidyasagar Rao had yesterday asked for a report on the assembly incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X