'എന്റെ പേരിൽ വസുന്ധര രാജയെ ശിക്ഷിക്കരുത്'; ബിജെപിയെ കൊട്ടി അശോക് ഗെഹ്ലോട്ട്
ജയ്പൂർ: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കൂടെ നിൽക്കാത്തതിന് വസുന്ധര രാജയെ ബി ജെ പി നേതൃത്വം ശിക്ഷിക്കരുതെന്ന് മഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അതേസമയം വസുന്ധപ രാജെയെ നേതൃത്വം ഒതുക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് അവരുടെ ആഭ്യന്തര വിഷയമാണെന്നം അക്കാര്യത്തിൽ താൻ പ്രതികരിക്കാൻ ഇല്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
'എന്നാൽ എന്റെ പേരിൽ അവരെ ശിക്ഷിക്കരുത്. അത് അവരോട് ചെയ്യുന്ന അനീതിയാണ്', ഗെഹ്ലോട്ട് പറഞ്ഞു. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടന്നപ്പോൾ അന്ന് വസുന്ധര രാജെയും മറ്റ് രണ്ട് ബിജെപി നേതാക്കളുമാണ് തന്നെ സഹായിച്ചതെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിൽ അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. എന്നാൽ ഗെഹ്ലോട്ടിന്റെ പരാമർശം സദുദ്ദേശത്തോടെയുള്ളതമല്ല, മറിച്ച് അതിന് പിന്നിൽ ദുരുദ്ദേശമാണെന്നായിരുന്നു വസുന്ധര രാജെ ഇതിനോട് പ്രതികരിച്ചത്.

'2003-ന് ശേഷം അശോക് ഗെലോട്ടിന് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം എന്നെ തന്റെ ഏറ്റവും വലിയ ശത്രുവായും വഴിയിലെ മുള്ളായും കണക്കാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുകഴ്ത്തലിൽ നല്ല ഉദ്ദേശമില്ലെന്നും ദുരുദ്ദേശം മാത്രമേയുള്ളൂവെന്നും പറഞ്ഞത്,' രാജെ പറഞ്ഞു.
അതിനിടെ കഴിഞ്ഞ മാസം വസുന്ധര രാജെയും അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്പൂരില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന കൂടിക്കാഴ്ച അന്ന് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. എന്നാൽ അതൊരു ഔദ്യോഗിക കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു ബിജെപി വ്യക്തമാക്കിയത്. രാജസ്ഥാന്‍ സ്പീക്കര്‍ സി.പി.ജോഷിയും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും കൂടിക്കാഴ്ചയിൽ വസുന്ധരയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
അതേസമയം ഇപ്പോൾ വസുന്ധരയെ പിന്തുണച്ച് കൊണ്ട് ഗെഹ്ലോട്ട് നടത്തുന്ന പരാമർശങ്ങൾ ബി ജെ പിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിയിൽ നേതാക്കൾ പലപ്പോഴും ഇത്തരത്തിൽ ഒതുക്കപ്പെടുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് ചർച്ചയാക്കുകയാണ് ഗെഹ്ലോട്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അടുത്ത മാസമാണ് സംസ്ഥാനത്ത് നിയമസഭ തികഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാൽ ബി ജെ പിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. തിരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കുമെന്ന് ഇതുവരെ ബി ജെ പി പ്രഖ്യാപിച്ചിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വസുന്ധര രാജെ, റാത്തോഡ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ ചേർന്ന് നയിക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയത്.












Click it and Unblock the Notifications