ദില്ലിയില്‍ വന്‍ കവര്‍ച്ച; എടിഎമ്മില്‍ നിറയ്‌ക്കേണ്ട 22 കോടിരൂപയുമായി ഡ്രൈവര്‍ മുങ്ങി
ദില്ലി: ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറയ്‌ക്കേണ്ടിയിരുന്ന 22.5 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ഗോവിന്ദ് പുരിയിലാണ് സംഭവം. തെക്കു കിഴക്കന്‍ ദില്ലിയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോവുകയായിരുന്ന വാനാണ് പ്രദീപ് ശുക്ലയെന്ന ഡ്രൈവര്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
വൈകിട്ട് 4.30ഓടെ ഗോവിന്ദ് പുരിയില്‍വെച്ച് വാനിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ വാനുമായി രക്ഷപ്പെടുകയായിരുന്നു. മൂത്രമൊഴിക്കാനായി ഗോവിന്ദ് പുരിയില്‍ വാഹനം നിര്‍ത്താനാണ് സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാഹനം നിര്‍ത്തിയിട്ടാല്‍ ട്രാഫിക്ജാം ഉണ്ടാകുമെന്നും മൂത്രമൊഴിച്ചുവരുമ്പോഴേക്കും വാന്‍ യു ടേണ്‍ എടുത്തുവരാമെന്നും ഡ്രൈവര്‍ പറഞ്ഞു.

ഡ്രൈവറുടെ നിര്‍ദ്ദേശമനുസരിച്ച് മൂത്രമൊഴിച്ച് തിരിച്ചുവന്ന സുരക്ഷാ ജീവനക്കാരന്‍ 10 മിനിറ്റോളം കാത്തുനിന്നെങ്കിലും വാഹനം കണ്ടില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതെന്ന് വ്യക്തമായത്. ഉടന്‍ പോലീസിലും ബാങ്കിലും വിവരമറിയിക്കുകയായിരുന്നു. പോലീസ് തെരച്ചിലില്‍ ഓഖ്‌ല വ്യവസായ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാന്‍ കണ്ടെത്തി.
എന്നാല്‍, വാനിലുണ്ടായിരുന്ന പണവുമായി അപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടിരുന്നു. ഇത്രയും പണവുമായി ഡ്രൈവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും സൂചനയുണ്ട്. ഡ്രൈവര്‍ക്കായി വിവിധ പോലീസ് സംഘങ്ങള്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications