മയക്കുമരുന്ന് കേസ്: ദീപികയുടേയും രാകുൽ പ്രീതിന്റെയും ഫോൺ പിടിച്ചെടുത്ത് എൻസിബി
മുംബൈ: മയക്കുമരുന്ന് കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ദീപിക പദുക്കോണിനെയും കരിഷ്മ പ്രകാശിനെയും ഒരുമിച്ചിരുത്തിയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്നാണ് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. 2017ലെ വാട്സ്ആപ്പ് ചാറ്റ് സംബന്ധിച്ച് ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദീപിക പദുക്കോൺ നൽകിയ മറുപടിയിൽ എൻസിബി തൃപ്തരല്ലെന്നും തുടർന്ന് എൻസിബി ഓഫീസർ കെപിഎസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചോദ്യം ചെയ്തെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഒരു വനിതയുൾപ്പെട്ട അഞ്ചംഗ സംഘമാണ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്തത്.
യുപിയിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

ഫോൺ പിടിച്ചെടുത്തു
ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് എന്നിവരുടെ ഫോണാണ് എൻസിബി പിടിച്ചെടുത്തിട്ടുള്ളത്. ദീപിക പദുക്കോണിനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഫോൺ പിടിച്ചെടുച്ചിട്ടുള്ളത്. ഇവർക്ക് പുറമേ സുശാന്തിന്റെ ടാലന്റ് മാനേജർ ജയ സാഹ, ഫാഷൻ ഡിസൈനർ സൈമൺ കമ്പട്ട എന്നിവരുടെ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ദീപിക പദുക്കോണിനെ കോളാബയിലെ ഇവ് ലിൻ ഗസ്റ്റ്ഹൌസിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇവിടെയാണ് എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘമുള്ളത്. എൻസിബിയുടെ ബല്ലാർഡ് എസ്റ്റേറ്റ് ഓഫീസിലെത്തിച്ചാണ് സാറാ അലി റാനെയും ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്തത്.

വാദം തള്ളി അഭിഭാഷകൻ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് അന്വേഷണം നീളുന്നത്. അറസ്റ്റിന് മുമ്പായി റിയ ചക്രവർത്തിയെ ചോദ്യം ചെയ്തപ്പോഴാണ് സാറാ അലി ഖാൻ, ദീപിക പദുക്കോൺ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി തവണ ചോദ്യം ചെയ്ത ശേഷം സെപ്തംബർ ഒമ്പതിനാണ് റിയ ചക്രവർത്തിയെ എൻസിബി അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ബോളിവുഡ് താരങ്ങളുടെ പേര് റിയ വെളിപ്പെടുത്തിയെന്ന വാദം തള്ളിക്കളഞ്ഞ് അഭിഭാഷകൻ സതീഷ് മനേഷിൻഡേ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

വാട്സ്ആപ്പ് ചാറ്റ്
സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം കേദാർനാഥ് എന്ന ചിത്രത്തിലാണ് സാറാ അലി ഖാൻ അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം ഉടലെടുക്കുന്നതെന്നാണ് റിയ ചക്രവർത്തി ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്. സുശാന്തിന്റെ ടാലന്റ് മാനേജരായിരുന്ന ജയ സാഹയുടെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ എന്നിവരുടെ പേരുകൾ കണ്ടെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ജയ സാഹയെയും എൻസിബി നേരത്തെ ചോദ്യം ചെയ്തിരുന്നു.

അഞ്ചംഗ സംഘം
വനിതകൾ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ സംഘമാണ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാവാൻ മുംബൈയിലേക്ക് വിളിപ്പിച്ചതോടെ ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് ദീപിക എൻസിബിയുടെ ഓഫീസിലെത്തുന്നത്. ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. രാകുൽ പ്രീത് സിംഗിനെയും കരിഷ്മയെയും കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീതിനെ നാല് മണിക്കൂർ ചോദ്ം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ദീപിക പദുക്കോണിന് പുറമേ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരോടും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ഹാജരാവാൻ നിർദേശിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായത്.

എൻസിബിക്ക് വിമർശനം
സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലെ അതൃപ്തി രേഖപ്പെടുത്തി നേരത്തെ അഭിഭാഷകൻ വികാസ് സിംഗ് രംഗത്തെത്തിയിരുന്നു. എൻസിബിയുടെ അന്വേഷണം മുംബൈ പോലീസിന്റെ കേസന്വേഷണത്തിന്റെ അതേ ദിശയിലാണ് പോകുന്നതെന്നും വലിയവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് ജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.