ഭൂകമ്പത്തില്‍ വിറച്ച് രാജ്യങ്ങള്‍: പാകിസ്ഥാനിലും അഫ്ഗാനിലുമായി 9 മരണം, നിരവധി പേർക്ക് പരിക്ക്
പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ സ്വാത് താഴ്‌വര മേഖലയിലെ നൂറിലധികം ആളുകളെ ആശുപത്രിയിലേക്ക് എത്തിച്ചു

ലാഹോർ: ഇന്നലെ രാത്രിയോടെയുണ്ടായ ഭുകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി 9 മരണം. ചൊവ്വാഴ്ച രാത്രി 10:17 നോട് അടുപ്പിച്ചാണ് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പുറത്തേക്ക് ഓടി തുറസ്സായ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു. മണിക്കൂറുകളോലും പുറത്ത് നിന്നതിന് ശേഷം തുടർചലനങ്ങളില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്.
ഇന്ത്യയില്‍ ഭൂകമ്പത്തില്‍ ഒരു അപകടവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണങ്ങളും നിരവധിയാളുകള്‍ക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ സ്വാത് താഴ്‌വര മേഖലയിലെ നൂറിലധികം ആളുകളെ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതായി പാകിസ്ഥാൻ എമർജൻസി സർവീസ് വക്താവ് ബിലാൽ ഫൈസിയെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയില്‍ എത്തിച്ചവരില്‍ കാര്യമായി പരിക്കേല്‍ക്കാതിരുന്ന ഭൂരിപക്ഷം ആളുകളേയും പിന്നീട് വീടുകളിലേക്ക് തിരിച്ചയച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ മേൽക്കൂരകൾ തകർന്ന് ഒമ്പത് പേർ മരിച്ചതായി ഫൈസിയും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ കേന്ദ്രീകരിച്ചും താജിക്കിസ്ഥാന്റെ അതിർത്തിയിലും അനുഭവപ്പെട്ട ഭൂചലനത്തിൽ ഡസൻ കണക്കിന് പേർക്കാണ് പരിക്കേറ്റത്. ഭൂചലനത്തെ തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
വിദൂര പ്രദേശങ്ങളിൽ കുറഞ്ഞത് 19 വീടുകൾ തകർന്നു. "ഞങ്ങൾ ഇപ്പോഴും നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു," - വടക്കുപടിഞ്ഞാറൻ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് തൈമൂർ ഖാൻ പറഞ്ഞു പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ഇവിടെ വലിയ തോതിലുള്ള അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ ചില അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാബൂളിലും സമാനമായ സാഹചര്യമായിരുന്നു. "ഭൂകമ്പം വളരെ ശക്തവും ഭയാനകവുമായിരുന്നു, വീടുകൾ ഞങ്ങളുടെ മേലേക്ക് തകർന്ന് വീഴുകയാണെന്ന് കരുതി. ആളുകൾ എല്ലാവരും നിലവിളിച്ചു," കാബൂൾ നിവാസിയായ ഷഫിയുള്ള അസിമി പറഞ്ഞു.റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം പാകിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയോട് ചേർന്ന് അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശമായ ഹിന്ദുകുഷ് മേഖലയിൽ ജുർമിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതായാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.












Click it and Unblock the Notifications