തിരഞ്ഞെടുപ്പ് ഏപ്രിലിൽ; 8-9 ഘട്ടമായെന്ന് സൂചന
ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ മുതല്‍ മെയ് വരെ എട്ടോ ഒന്‍പതോ ഘട്ടമായി നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് (ബുധനാഴ്ച) നടത്തും. രാവിലെ പത്തരയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി കെ സമ്പത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. നിലവിലെ യു പി എ മന്ത്രിസഭയുടെ കാലാവധി മെയ് 31 നാണ് അവസാനിക്കുന്നത്.
തെലങ്കാന രൂപീകരണം, നരേന്ദ്രമോദി - രാഹുല്‍ ഗാന്ധി വാക്‌പോര് തുടങ്ങിയവയാണ് ഈ തിരഞ്ഞെടുപ്പില്‍ കത്തിനില്‍ക്കുന്ന വിഷയങ്ങള്‍. ദില്ലിയിലെ വിജ്ഞാന്‍ സങയില്‍ രാവിലെ പത്തരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് വിശദാംശങ്ങള്‍ അറിയിക്കും. അടുത്ത മാസം ഏഴിനും പത്തിനും ഇടയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്‍ ഡി എ - യു പി എ - മൂന്നാം മുന്നണി - മമതയുടെ നാലാം മുന്നണി എന്നിങ്ങനെ പോകുന്നു ഭരണം പിടിക്കാനായി കച്ച കെട്ടിയിരിക്കുന്ന വിവിധ മുന്നണികളുടെയും സഖ്യങ്ങളുടെയും പട്ടിക. ഇതിനിടയില്‍ അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമുണ്ട്. മെയ് പതിനഞ്ചോടെ ഫലം പുറത്തുവരുമ്പോള്‍ മാത്രമേ ഇവരില്‍ ആരുടെയൊക്കെ മോഹങ്ങള്‍ നടക്കുമെന്ന് പറയാനാകൂ.
പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് തീയതികള്‍ പുറത്തുവരാനിരിക്കേ പ്രമുഖ കക്ഷികളായ ബി ജെ പിയും കോണ്‍ഗ്രസും സഖ്യകക്ഷികളെ ചാക്കിടാനുള്ള ശ്രമത്തിലാണ്. ബിഹാറില്‍ രാം വിലാസ് പാസ്വാനെ കൂട്ടത്തിലെത്തിച്ച ബി ജെ പിയുടെ അടുത്ത ഉന്നം ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയാണ്. എന്നാല്‍ ബിഹാറിലടക്കം കോണ്‍ഗ്രസിന്റെ സഖ്യ ശ്രമങ്ങള്‍ വിജയം കാണാതെ പോകുന്ന കാഴ്ചയാണുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പും നടന്നേക്കും.












Click it and Unblock the Notifications