മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിനെ അറസ്റ്റ് ചെയ്ത് ഇഡി
മുംബൈ; മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ നവാബ് മാലികിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സഹായികളുമായുള്ള ഭൂമു ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മാലിക്കിനെ ഇഡി ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ ആറ് മണിയോടെ നവാബ് മാലിക്കിന്റെ വസതിയിൽ എത്തി ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് 5 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അതേസമയം ഇഡി നടപടിയ്ക്കെതിരെ ഓഫീസിന് മുന്നിൽ എൻസിപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇഡി ഓഫീസിന് മുന്നിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.

ബിജെപി,എൻസിബി,സിബിഐ,ഇഡി അവിശുദ്ധ കൂട്ടുകെട്ട് ദിവസേന തുറന്നുകാട്ടുന്ന നവാബ് മാലിക്കിനെ അന്യായമായി ചോദ്യം ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം. ഞങ്ങൾ പതറിപ്പോകില്ല. ബിജെപിയെയും എല്ലാ കേന്ദ്ര ഏജൻസികളെയും തുറന്നുകാട്ടുന്നത് എൻ സി പി തുടരുക തന്നെ ചെയ്യും, പാർട്ടി വക്താവ് സഞ്ജയ് തത്കരെ പറഞ്ഞു.
അടുത്തിടെ ഇഡി കേസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. നേരത്തേ ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications